കുട്ടനെല്ലൂരിലെ ഹൈസണ്‍ മോട്ടോഴ്‌സിന്‍റെ ഷോറൂമില്‍ തീപിടിത്തം ; നശിച്ചത് ലക്ഷങ്ങള്‍ വിലവരുന്ന കാറുകള്‍ - ഇരിങ്ങാലക്കുട
🎬 Watch Now: Feature Video
തൃശൂര്‍ : കുട്ടനെല്ലൂരിലുള്ള ഹൈസണ്‍ മോട്ടോഴ്‌സിന്‍റെ വാഹന ഷോറൂമില്‍ വന്‍ തീപിടിത്തം. നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നു. കോടികളുടെ നഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. ഷോറൂമിന്‍റെ പുറകില്‍ നിന്നുമാണ് തീപടര്‍ന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി മൂന്ന് യൂണിറ്റ് കൂടി എത്തുകയായിരുന്നു.
ആളിപ്പടര്‍ന്ന തീയില്‍ ഷോറൂമില്‍ ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചു. പുതുക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിന് പുറത്തുകിടന്ന ചില കാറുകള്‍ മാറ്റിയിടാന്‍ ആയെങ്കിലും ഉള്ളിലുള്ളവ നീക്കാനാവാത്തതിനാല്‍ ഇവയിലേക്ക് തീ പടര്‍ന്നു. ഇതാണ് നാശനഷ്‌ടത്തിന്‍റെ വ്യാപ്‌തി കൂട്ടിയത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.