Fashion Gold Fraud Case| 'രേഖയിലെ ഒപ്പും സീലും തന്‍റേതല്ല', വിശദീകരണവുമായി അഡ്വ സി ഷുക്കൂർ - അഡ്വ സി ഷുക്കൂർ
🎬 Watch Now: Feature Video
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലേതെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന സത്യവാങ്മൂലത്തില്‍ വിശദീകരണവുമായി അഭിഭാഷകനും നടനുമായ സി.ഷുക്കൂർ. 2013ല്‍ ഇത്തരത്തിലൊരു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതായി ഓര്‍മയില്ലെന്നും രേഖയില്‍ കാണുന്ന ഒപ്പും സീലും തന്‍റേതല്ലെന്നും സി. ഷുക്കൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേസിലെ പരാതിക്കാരനെ തനിക്ക് അറിയില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനെ നിയമപരമായി നേരിടുമെന്നും ഷുക്കൂര്‍ പറഞ്ഞു. കേസില്‍ തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പമാണ് താന്‍ നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് 2013ൽ കമ്പനി രജിസ്ട്രാർക്ക് മുന്നിൽ സമർപ്പിച്ച രേഖകൾ പുറത്തുവന്നത്. കേസിലെ 11ാം പ്രതിയെ കമ്പനി ഡയറക്‌ടറായി ഉൾപ്പെടുത്താൻ വ്യാജ രേഖ ചമച്ചുവെന്ന പരാതിയിൽ സി. ഷുക്കൂർ ഉൾപ്പടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിക്ഷേപ തട്ടിപ്പിലെ 11ാം പ്രതിയായ എസ്.കെ മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്‌ടറാക്കാൻ 2013 ഓഗസ്റ്റിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ് പുറത്തുവന്നത്. നോട്ടറി അഭിഭാഷകൻ എന്ന നിലയിൽ സി. ഷുക്കൂർ രേഖ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതേ കാലയളവിൽ താൻ വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്ന പാസ്പോർട്ട് വിവരങ്ങൾ പരാതിക്കാരനായ മുഹമ്മദ് കുഞ്ഞി കോടതിയിൽ പരാതിക്കൊപ്പം നൽകിയിരുന്നു. ഡയറക്‌ടറായി ചേർത്തത് കൊണ്ടു മാത്രമാണ് കേസിൽ പ്രതിയായതെന്നാണ് പരാതിക്കാരന്‍റെ വാദം. കേസിൽ അഡ്വ.സി ഷുക്കൂറിന് പുറമെ കമ്പനി മാനേജിങ് ഡയറക്‌ടര്‍ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, കമ്പനി സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റ് പ്രതികൾ. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസിൽ മേൽപ്പറമ്പ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.