വ്യാജരേഖ ചമച്ച കേസ്; കെ വിദ്യയുടെ വീട്ടില്‍ പരിശോധന, രേഖകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

🎬 Watch Now: Feature Video

thumbnail

കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് കെ വിദ്യയുടെ വീട്ടില്‍ പരിശോധന നടത്തി അഗളി പൊലീസ്. തൃക്കരിപ്പൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്‌പദമായ രീതിയിലുള്ള രേഖകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഗളി സിഐ സലീമും സംഘവും ഒന്നര മണിക്കൂറാണ് വീട്ടില്‍ പരിശോധന തുടര്‍ന്നത്.  

പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ ആളില്ലായിരുന്നുവെന്നും വിദ്യയുടെ ബന്ധുവീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വീടിന്‍റെ താക്കോല്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് കടന്ന സംഘം പരിശോധന നടത്തുകയായിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. അഗളി പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് നീലേശ്വരം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ വിദ്യ അട്ടപ്പാടി ഗവ.ആര്‍ജിഎം കോളജില്‍ ജോലിയ്‌ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ കോളജ് അധികൃതര്‍ അഗളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖ ചമച്ച വിവരം പുറത്തറിയുന്നത്. 

അട്ടപ്പാടി ഗവ. ആർജിഎം കോളജിൽ മലയാളം ഗസ്റ്റ് അധ്യാപികയുടെ അഭിമുഖത്തിലാണ് രണ്ട് വര്‍ഷം മഹാരാജാസ് കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്‌തതായുള്ള വ്യാജ രേഖ വിദ്യ സമര്‍പ്പിച്ചത്. 2018 മുതല്‍ 2021 വരെ മഹാരാജാസ് കോളജില്‍ ജോലി ചെയ്‌തതായാണ് വിദ്യ രേഖ ചമച്ചത്. അട്ടപ്പാടി കോളജിലേക്ക് ജോലിക്കായി അപേക്ഷിക്കുന്നതിന് മുൻപ് വിദ്യ മറ്റ് രണ്ട് കോളജുകളിലും അധ്യാപികയായി സേവനം അനുഷ്‌ഠിച്ചിരുന്നു. പാലക്കാട് പത്തിരിപ്പാല, കാസർകോട് കരിന്തളം എന്നിവിടങ്ങളിലാണ് വിദ്യ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്‌തത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.