'പരീക്ഷ പേപ്പർ കാണാനില്ലെന്ന്': കൊല്ലത്ത് എട്ട് വയസുകാരനെ പിതാവിന്‍റെ അനുജന്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി - കൊല്ലം ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
കൊല്ലം: കൊല്ലത്ത് എട്ടു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി. പിതാവിന്‍റെ അനുജനാണ് ചട്ടുകം പഴുപ്പിച്ചു തുടയ്ക്ക് പൊള്ളല്‍ ഏൽപ്പിച്ചത്. കൊല്ലം ഏരൂരിലാണ് സംഭവം.
കണ്ടെത്തിയത് അധ്യാപകർ: ഏരൂര്‍ പുഞ്ചിരിമുക്ക് സ്വദേശിയുടെ മകനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ എട്ടുവയസുകാരനെയാണ് പിതാവിന്‍റെ അനുജന്‍ പൊള്ളല്‍ ഏല്‍പ്പിച്ചത്. കുറച്ചു ദിവസങ്ങളായി സ്‌കൂളില്‍ എത്താതിരുന്ന കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍, കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതായി മറ്റു കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു.
തുടർന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കാലിലെ തുടഭാഗത്ത് പൊള്ളല്‍ ഏറ്റതായി ശ്രദ്ധയില്‍പെടുന്നത്. കുട്ടിയോട് അദ്ധ്യാപകർ വിവരം തിരക്കിയപ്പോഴാണ് കൊച്ചപ്പന്‍ ചട്ടുകം പഴുപ്പിച്ചു പൊള്ളൽ ഏല്‍പ്പിച്ചതായി കുട്ടി പറഞ്ഞത്. പരീക്ഷ പേപ്പര്‍ കാണാനില്ല എന്ന കാരണത്താലാണ് ഇങ്ങനെ ചെയ്തെന്നും കുട്ടി അധ്യാപകരോട് പറഞ്ഞു.
ഇതോടെ സ്‌കൂള്‍ അധികൃതര്‍ ഏരൂര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിവരം അറിയിച്ചു. വിവരം അറിഞ്ഞിട്ടും ഏരൂര്‍ പൊലീസ് സംഭവത്തിൽ ആദ്യം ഇടപ്പെടാൻ വൈകി എന്നും ആരോപണം ഉണ്ട്. പിന്നീട് സംഭവം പുനലൂര്‍ ഡിവൈഎസ്‌പി ബി വിനോദിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ഏരൂർ പൊലീസ് സംഭവത്തിൽ കേസെടുക്കാൻ തയ്യാറായതെന്നും പരാതിയുണ്ട്.
കുട്ടിയുടെ ശരീത്തു അടിയേറ്റ പാടുകളുമുണ്ട്. സ്‌കൂളിൽ എത്തി അധ്യാപകര്‍ അടക്കമുള്ളവരോടും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയ ഡിവൈഎസ്‌പി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസേടുക്കുന്നതില്‍ ഏരൂര്‍ പൊലീസിനു വീഴ്‌ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
കുട്ടിയുടെ പിതാവിന്‍റെ അനുജനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് കഴിയുകയാണ്.