VIDEO| ഓടുന്ന ബസിലെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു, വാഹനം പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി, വൻ ദുരന്തം ഒഴിവാക്കിയത് കണ്ടക്‌ടർ - bus
🎬 Watch Now: Feature Video
ബെംഗളൂരു : കർണാടകയിൽ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതോടെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. കണ്ടക്‌ടർ സമയോചിതമായി ഇടപെട്ട് വാഹനം നിര്‍ത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. സിന്ദഗി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബസ് ഡ്രൈവറായ മുരിഗെപ്പ അത്താണിയാണ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. കലബുറഗി ജില്ലയിലെ അഫസൽപൂരിൽ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയത്. ബസിന്‍റെ ഹെഡ് ലൈറ്റ് തകരാറിലായതിനാൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് സിന്ദഗി ഡിപ്പോയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെയാണ് മുരിഗെപ്പയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ തന്നെ ഇരിപ്പിടത്തിൽ വീണ ഡ്രൈവർ സംഭവ സ്ഥലത്ത് തൽക്ഷണം മരണപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. എന്നാൽ സമയോചിതമായി കണ്ടക്‌ടർ ശരണു തകാലി ഉടൻ ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയായിരുന്നു.
വാഹനത്തിൽ യാത്രക്കാരില്ലാതിരുന്നതും വാഹനം നിർത്താനുള്ള കണ്ടക്‌ടറുടെ ഇടപെടലും കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് അഫ്‌ജലാപുര ഡിപ്പോ ഓഫിസറും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി.