ഗൾഫിൽ ആത്മഹത്യ ചെയ്‌ത പ്രവാസിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ല; പരാതിയുമായി ലക്ഷദ്വീപ് സ്വദേശിനി - kerala
🎬 Watch Now: Feature Video
കോട്ടയം: ഗൾഫിൽ വച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം ഏറ്റെടുക്കുന്നതിനെച്ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്‍റെ മൃതദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലിയാണ് വനിത സുഹൃത്തും ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി വനിത സുഹൃത്ത് സഫിയ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ഏഴ് ദിവസം മുൻപാണ് ഗൾഫിൽ വച്ച് ജയകുമാർ ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയ ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് ബന്ധുക്കളോട് മൃതദേഹം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നു.
പിന്നാലെയാണ് മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ എത്തുന്നില്ല എന്ന് കാട്ടി സഫിയ പൊലീസിൽ പരാതി നൽകിയത്. ജയകുമാറിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണമെന്നായിരുന്നു സഫിയയുടെ ആവശ്യം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ജയകുമാർ. എന്നാൽ കഴിഞ്ഞ നാല് വർഷമായി ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയുമൊത്ത് ഒരുമിച്ച് താമസിച്ച് വരികയായിരുന്നു ഇയാൾ.
അതേസമയം ജയകുമാറിന്‍റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാല് വർഷമായി ജയകുമാർ ഭാര്യയുമായോ കുട്ടികളുമായോ ബന്ധമില്ലാതെ അകന്ന് കഴിയുകയാണ്. അതിനാൽ തന്നെ മൃതദേഹം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും ഇക്കാര്യത്തിൽ എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.