Delhi flood| യമുനയിൽ മുങ്ങി ഡൽഹി; സൈന്യത്തിന്‍റെ സഹായം തേടി അരവിന്ദ് കെജ്‌രിവാൾ - അരവിന്ദ് കെജ്‌രിവാൾ
🎬 Watch Now: Feature Video
ന്യൂഡൽഹി : വ്യാപക നാശം വിതച്ച മഴയിൽ ഡൽഹിയിലെ യമുന നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നുതന്നെ നിൽക്കുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ യമുനയിലെ ജലനിരപ്പ് 208.63 ആയിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ജലനിരപ്പ് 208.42 മീറ്ററായി നേരിയ കുറവ് രേഖപ്പെടുത്തി.
യമുനയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഐടിഒ, രാജ്ഘട്ട് മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കൻ ഡൽഹിയെ ലുട്ടിയൻസ് ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഐടിഒ റോഡ്. ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കനത്ത ഗതാഗതക്കുരുക്കാണ് പ്രദേശത്ത് നിലനിൽക്കുന്നത്.
നഗരത്തിന്‍റെ മധ്യഭാഗത്ത് തിലക് മാർഗ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി കവാടത്തിന് മുൻഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. റെയിൽവേ അണ്ടർ ബ്രിഡ്‌ജിന് സമീപത്തെ ഡ്രെയിനേജ് വെള്ളം കവിഞ്ഞൊഴുകിയതിനാൽ ഭൈറോൺ റോഡിലെ ഗതാഗതവും തടസപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സൈന്യത്തിന്‍റെയും എൻഡിആർഎഫിന്‍റെയും സഹായം തേടി.
സ്ഥിതി ഗുരുതരമാണെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ ആളുകൾ കെട്ടിടങ്ങളുടെ മുകൾ നിലകളിൽ അഭയം പ്രാപിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് വസീറാബാദ്, ചന്ദ്രവാൽ, ഓഖ്‌ല എന്നീ മൂന്ന് ജലശുദ്ധീകരണ പ്ലാന്‍റുകൾ അടച്ചതിനെത്തുടർന്ന് വിതരണം 25 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഡൽഹി സർക്കാരിന്‍റെ തീരുമാനം. ഇതോടെ നഗരത്തിൽ കുടിവെള്ളക്ഷാമവും ഉണ്ടായേക്കും.