ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ഇടി, ക്ഷണിക്കുമെന്ന് സിപിഎം: ശ്രദ്ധാകേന്ദ്രമായി നാളത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി
🎬 Watch Now: Feature Video
കോഴിക്കോട്: സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിക്കും. റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ക്ഷണം. ഈ വിഷയത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. ഏക സിവിൽ കോഡിൻ്റെ വിഷയം വേറെയെന്നുമായിരുന്നു ഇടിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ലീഗിനെ ക്ഷണിക്കാൻ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത്. അതേസമയം ലീഗിനെ ക്ഷണിക്കേണ്ടതില്ല എന്നായിരുന്നു കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫfസിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൻ്റെ തീരുമാനം. പലസ്‌തീന്‍ വിഷയത്തില്‍ ലീഗിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിലയിരുത്തിയായിരുന്നു തീരുമാനം. ഇകെ, എപി വിഭാഗം സമസ്‌തകളെ റാലിയിലേക്ക് ക്ഷണിക്കാനും പാർട്ടി തീരുമാനിച്ചിരുന്നു. ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗ് അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഒരു തവണ കൂടി ലീഗിനെ ക്ഷണിച്ച് മറ്റൊരബദ്ധം കൂടി വരുത്തി വെക്കേണ്ട എന്നാണ് പൊതുവിൽ പാർട്ടി കൈക്കൊണ്ടത്. അതിന് ലീഗിൻ്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ഒരു വിലയിരുത്തലും നടത്തിയിരുന്നു. എന്നാൽ ഇടി നയം വ്യക്തമാക്കിയതോടെയാണ് സിപിഎമ്മും നയം മാറ്റിയിരിക്കുന്നത്. ഇടിയുടെ തീരുമാനം ലീഗ് നേതൃത്വം അംഗീകരിക്കുമോ, യുഡിഎഫിൽ അവതരിപ്പിച്ചാൽ കോൺഗ്രസ് അടക്കം മറ്റ് പാർട്ടികളുടെ തീരുമാനം എന്തായിരിക്കും, ലീഗ് പങ്കെടുക്കാൻ ഔദ്യോഗികമായി തീരുമാനിച്ചാൽ സമസ്‌ത വേദി പങ്കിട്ടുമോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. ഈ മാസം 11നാണ് സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.