കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ വീണ്ടും പി ജയരാജനെ ആരാധിച്ച് പോസ്റ്റർ - എം വി ജയരാജൻ
🎬 Watch Now: Feature Video
കണ്ണൂർ: കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന കലശം വരവില്‍ പി ജയരാജന്‍റെ ചിത്രം പ്രദർശിപ്പിച്ചു. ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വ്യക്തി ആരാധനയുമായി കണ്ണൂർ കതിരൂരിലെ പാർട്ടി സഖാക്കൾ ആണ് രംഗത്ത് എത്തിയത്. പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജന്‍റെ ചിത്രവും ഉൾപ്പെട്ടത്.
പിജയരാജന്‍റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ തള്ളിപ്പറഞ്ഞു. വിശ്വാസം രാഷ്‌ട്രീയ വത്‌കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എം വി ജയരാജൻ വ്യക്തമാക്കി. വിശ്വാസം വിശ്വാസമായും രാഷ്‌ട്രീയം രാഷ്‌ട്രീയമായും കാണണം എന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം നടന്നത്. പതിമൂന്നാം തീയതിയിലെ വിവിധ ദേശങ്ങളിൽ നിന്ന് കാവിലേക്കുള്ള കലശം വരവിൽ പി ജയരാജന്‍റെ ഛായ ചിത്രമുള്ള കലശവുമായാണ് പാട്യം നഗറിലെ പാര്‍ട്ടി സഖാക്കൾ എത്തിയത്. പി ജയരാജനെ ആരാധിച്ചു കൊണ്ടുള്ള വിപ്ലവഗാനവും പോസ്റ്ററും മുമ്പും വിവാദമായിരുന്നു.
ഇതിനെതിരെ സംസ്ഥാന സമിതി ഉൾപ്പടെ തള്ളി പറഞ്ഞപ്പോൾ ജയരാജൻ തന്നെ പി ജെ ആർമി ഉൾപ്പടെ ഉള്ളവരെ തള്ളി കൊണ്ട് രംഗത്ത് എത്തിയിരുന്നു.