ഫയല്‍ നീക്കത്തിന് വേഗത പോര; ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണം: മുഖ്യമന്ത്രി - Pinarayi vijayan news updates

🎬 Watch Now: Feature Video

thumbnail

By

Published : Apr 19, 2023, 9:15 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകളുടെ നീക്കത്തിന് വേഗത പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചതും ബജറ്റില്‍ ഉള്‍പ്പെടുത്തിയതുമായ പദ്ധതികളില്‍ ചിലത് പൂര്‍ണമായി നടപ്പാകാതെയിരിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥ വീഴ്‌ചയുണ്ട്. പദ്ധതി നിര്‍വഹണം ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് പ്രായോഗിക തലത്തിലേക്ക് നീങ്ങണമെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടയ്ക്ക് യോഗം വിളിക്കണമെന്ന സ്ഥിതിയാണെന്നും ഈ രീതി ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ സംവിധാനങ്ങള്‍ നിലവില്‍ ഇല്ലെന്നതും വലിയ പോരായ്‌മയാണ്. ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമെ ജനക്ഷേമ നടപടികള്‍ ഫലപ്രദമായി നടപ്പാക്കാനാകൂ. ജനങ്ങള്‍ ആഗ്രഹിക്കുന്ന സിവില്‍ സര്‍വീസ് നല്‍കുകയെന്നതാണ് സര്‍ക്കാരിന്‍റെ ചുമതല. അത് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ ഫയലുകള്‍ ഉദ്യോഗസ്ഥര്‍ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണം. ഉദ്യോഗസ്ഥരുടെ പൂര്‍ണ മനസോടുകൂടിയുള്ള ഇടപെടലുണ്ടായാല്‍ മാത്രമെ ഭരണ നിര്‍വഹണം തീര്‍ത്തും ജനോന്മുഖമാകുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ഫയലിലുള്ളതും തുടിക്കുന്ന ജീവിതങ്ങളാണ്. അത്തരം ഫയലുകള്‍ മരിക്കണോ ജീവിക്കണോ എന്ന് നിശ്ചയിക്കാന്‍ അധികാരമുള്ളവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. 

അസിസ്റ്റന്‍റ്  തലത്തില്‍ നിന്ന് മുകളിലേക്കെത്തുന്ന ജീവിതവുമായി ബന്ധപ്പെട്ട ഫയലുകള്‍ ആദ്യ കുറിമാനം കൊണ്ടുതന്നെ ചിലപ്പോള്‍ മരിക്കാം. എന്നാല്‍ മരിച്ചേക്കാവുന്ന ഫയലിനെ ഉദ്യോഗസ്ഥര്‍ക്ക് ജീവിപ്പിക്കാനുമാകും. അങ്ങനെ ജീവിക്കുന്ന ഫയലുകള്‍ക്കൊപ്പം നിലനില്‍ക്കുന്നത് കുറേ മനുഷ്യരുടെ ജീവിതം തന്നെയാണ്. 

ആ ജീവകാരുണ്യ മനോഭാവം ഫയല്‍ നോട്ട സമ്പ്രദായത്തിലുണ്ടാകണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അവ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ എന്തു പഴുതുണ്ടെന്ന് സൂക്ഷ്‌മമായും സാങ്കേതികമായും നോക്കുന്ന രീതിയായിരുന്നു ബ്രിട്ടിഷ് ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്. ആ മനോഭാവം ഇപ്പോഴും ഫയലുകളുടെ ചുവപ്പ് ചരടുകളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അത് പൂര്‍ണമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തയ്യാറാക്കുന്ന പദ്ധതികള്‍ വേഗത്തില്‍ ഫലപ്രദമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. പദ്ധതികളുടെ സദ്‌ഫലം ജനജീവിതത്തിലും നാടിന്‍റെ മുഖഭാവത്തിലും പ്രകടമാകണം. ഇതിന് ഭരണ നിര്‍വഹണം അതിവേഗത്തിലാകണം. ഫയല്‍ നീക്ക സമ്പ്രദായത്തിനും മികച്ച വേഗം കൈവരിക്കാന്‍ കഴിയണം. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ വരുത്താവുന്നതല്ല ഈ വേഗമെന്നും മുഖ്യമന്ത്രി ഓര്‍പ്പിച്ചു. 

ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റംവരുത്തി ഇത് യാഥാര്‍ഥ്യമാക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായെത്തുന്നവരെ നിശ്ചിത കാലം കൊണ്ട് സമര്‍ഥരായ ഉദ്യോഗസ്ഥരായി വാര്‍ത്തെടുക്കുന്ന സംസ്‌കാരം ഉയര്‍ന്ന ഉദ്യോസ്ഥരില്‍ നേരത്തേയുണ്ടായിരുന്നു. ഈ രീതിക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാറ്റം വന്നിട്ടുണ്ട്. പുതിയവര്‍ അവരുടെ ജോലി സ്വയം പഠിക്കട്ടെയെന്ന മനോഭാവം ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അവരെ പരിശീലിപ്പിക്കല്‍ തങ്ങളുടെ ജോലിയല്ലെന്ന സ്വാര്‍ഥ സംസ്‌കാരം ബലപ്പെട്ട് വരുന്നതില്‍ ഉദ്യോഗസ്ഥര്‍ ആത്മപരിശോധന നടത്തണം. ഫയല്‍ എഴുതുമ്പോള്‍ തെറ്റുപറ്റാം. ഒരു ഫയല്‍ ഈ വിധത്തില്‍ പോയാല്‍ കുഴപ്പങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടാന്‍ ഏത് തട്ടിലുള്ളവര്‍ക്കും ധൈര്യമുണ്ടാകണം. അതിന് ഈഗോ വെടിഞ്ഞ് ഉള്‍ക്കൊള്ളാനുള്ള മനസ് ഉയര്‍ന്ന തട്ടിലുള്ളവര്‍ക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.