ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ മേഘവിസ്‌ഫോടനം ; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, താറുമാറായി ജനജീവിതം - ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ മേഘവിസ്‌ഫോടനം
🎬 Watch Now: Feature Video
പിത്തോരഗഡ് (ഉത്തരാഖണ്ഡ്) : 24 മണിക്കൂറായി നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ താറുമാറായി ഉത്തരാഖണ്ഡിലെ ജന ജീവിതം. പിത്തോരഗഡ് ജില്ലയിലെ ധാർചുല തഹസിലിലെ അതിർത്തിക്കരികിലെ ഗ്രാമമായ ചാലിൽ മേഘവിസ്‌ഫോടനം ഉണ്ടായി. പെട്ടന്നുണ്ടായ പേമാരിയിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
200ൽ അധികം പേർ ദർമ താഴ്‌വരയിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ടീമുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. പാലങ്ങൾ തകർന്നതിനാലും ഗ്രാമത്തിന് കുറുകെയുള്ള കനാലിൽ വെള്ളം നിറഞ്ഞതിനാലും ചാൽ ഗ്രാമവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതായും ഗ്രാമം ഒറ്റപ്പെട്ടതായും പിത്തോരാഗഡ് എസ്‌പി ലോകേശ്വർ സിങ് പറഞ്ഞു.
ഗ്രാമീണരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ എസ്‌ഡിആർഎഫ്, എൻഡിആർഎഫ്, റെസ്‌ക്യൂ ടീമുകളെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴ ഡെറാഡൂണിലും നാശം വിതച്ചിട്ടുണ്ട്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. നിരവധി വാഹനങ്ങളും വെള്ളത്തിൽ ഒലിച്ചുപോയി.
മേഘവിസ്‌ഫോടനം ഉണ്ടായ പിത്തോരഗഡ് ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. റോഡുകളിലേക്കും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇത് കാരണം മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലെ റോഡുകൾ താത്കാലികമായി അടച്ചിരിക്കുകയാണ്. ഇവിടെയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ തന്നെ പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിലാണ്.