അപ്രതീക്ഷിതമായി ട്രെയിന്‍ വന്നു; ട്രാക്കില്‍ മലര്‍ന്ന് കിടന്നു, യുവതിക്ക് അത്ഭുത രക്ഷ - ഗുഡ്‌സ് ട്രെയിന്‍
🎬 Watch Now: Feature Video
പട്‌ന: ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിനടിയില്‍ കുടുങ്ങിയ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. ഭുസുന്ദ സ്വദേശിയായ വിനിത കുമാരിയാണ് ട്രെയിനിന് അടിയില്‍ കുടുങ്ങിയത്. ഗയയിലെ തങ്കുപ്പ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്‌ചയാണ് സംഭവം.
പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കയറാനായി റെയില്‍വേ പ്ലാറ്റ്‌ഫോം മുറിച്ച് കടക്കുമ്പോഴാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ലക്ഷ്യമാക്കി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മറ്റൊരു ട്രാക്കില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന്‍ നീങ്ങി തുടങ്ങിയത്. വളരെ അടുത്ത് എത്തിയപ്പോഴാണ് ട്രെയിന്‍ വിനിതയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഓടി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസിലാക്കിയ വിനിത ട്രാക്കില്‍ മലര്‍ന്ന് കിടന്നു. സംഭവം കണ്ട റയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ അമ്പരന്നു. ട്രെയിന്‍ കടന്നു പോകുന്നത് വരെ വിനിത അനങ്ങാതെ കിടന്നു. മുകളിലൂടെ ട്രെയിന്‍ കടന്ന് പോകുമ്പോള്‍ കണ്ണുകള്‍ അടച്ച് കിടക്കാന്‍ കാഴ്‌ചക്കാരില്‍ ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.
സംഭവം കണ്ട് നിന്ന് ഒരാള്‍ പകര്‍ത്തിയ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്‌ക്കുകയായിരുന്നു. ട്രെയിന്‍ കടന്ന് പോയതിന് ശേഷം സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. നിസാരമായ പരിക്കുകള്‍ മാത്രമാണ് യുവതിക്കുണ്ടായിരുന്നത്. അതേസമയം യാതൊരു അറിയിപ്പുമില്ലാതെയാണ് ഗുഡ്‌സ് ട്രെയിന്‍ നീങ്ങി തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.