കൊല്ലത്ത് ക്രിസ്‌മസ് ആഘോഷം കെങ്കേമം ; വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികൾ
🎬 Watch Now: Feature Video
കൊല്ലം:പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉണർത്തുന്ന പുണ്യദിനമാണ് ക്രിസ്‌മസ്. യേശുവിന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി കൊല്ലം ജനത ക്രിസ്‌മസ് ആഘോഷിക്കുകയാണ്. പുൽക്കൂടും നക്ഷത്രങ്ങളും ഒരുക്കിയും നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മനോഹരമായ ക്രിസ്‌മസ് ട്രീകൾ സ്ഥാപിച്ചുമാണ് കൊല്ലം ജില്ലയിൽ ക്രിസ്‌മസിനെ വരവേറ്റത് (Christmas celebration in Kollam district). ബത്‌ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണത് അനുസ്‌മരിച്ചും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും പള്ളികളിൽ പാതിര കുർബാനയും പ്രത്യേക ക്രിസ്‌മസ് ശുശ്രൂഷകളും നടന്നു. പാതിര കുർബാനയിലും തിരുക്കർമങ്ങളിലും 25 നോമ്പിന്‍റെ വ്രതശുദ്ധിയുമായി വിശ്വാസികൾ പങ്കുചേർന്നു. തങ്കശേരി ഇൻഫന്‍റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിലെ (Infant Jesus Roman Catholic Latin Cathedral) തിരുപ്പിറവി ആഘോഷത്തിനും പാതിര കുർബാനയ്‌ക്കും ബിഷപ്പ് റൈറ്റ് റവ പോൾ ആന്‍റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. ദിവസങ്ങളായി നാടിന്‍റെ നിറം, സാന്താക്ലോസിനെ അനുസ്‌മരിപ്പിക്കുന്ന ചുവപ്പും വെള്ളയുമാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളും പള്ളികളിലുമെല്ലാം ആ നിറം അണിഞ്ഞെത്തിയവരായിരുന്നു ഏറെയും. സന്ധ്യ മുതൽ പള്ളികളിൽ തിരക്ക് തുടങ്ങിയിരുന്നു. കരോൾ ഗാനങ്ങൾ ഉയർന്നു, പാതിര കുർബാന കഴിഞ്ഞ് മടങ്ങിയവർ വീണ്ടും ആഘോഷങ്ങളിലേക്ക് ചേക്കേറി.