ചെന്നൈ: സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. മൂന്ന് മത്സര പരമ്പരയിലായിരുന്നു രോഹിത് ശര്‍മയുടെ ടീം ഏകപക്ഷീയമായി കീഴടങ്ങിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര കൈവിട്ടത്.
ഇതിന് പിന്നാലെ കനത്ത ആരാധക രോഷമാണ് താരങ്ങള്‍ക്കും മാനേജ്‌മെന്‍റിനും നേരിടേണ്ടിവന്നത്. ഇതു വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കുവരെ നീണ്ടു. ഇപ്പോഴിതാ വിഷയത്തില്‍ കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വന്തം മണ്ണിലെ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടതില്‍ ഡ്രെസ്സിങ് റൂമിലെ ഒരു കളിക്കാരനേക്കാള്‍ വേദന മറ്റാര്‍ക്കും ഉണ്ടാവില്ലെന്ന് അശ്വിന്‍ പറഞ്ഞു. പരമ്പരയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് കളിക്കാരെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ലെന്നും 38-കാരന്‍ വ്യക്തമാക്കി. "ആളുകൾ പ്രതികരിച്ച രീതികണ്ടപ്പോള്‍ എനിക്ക് ഏറെ പ്രയാസം തോന്നി. എല്ലാവരും മാപ്പുപറയേണ്ടതുണ്ട്. സാർ, ഇത് സ്‌പോര്‍ട്‌സാണ്. എനിക്ക് ഒരു കാര്യം പറയാനുണ്ട്, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെന്ന നിലയിൽ എല്ലാവരെയും വേദനിപ്പിക്കുന്നതായിരുന്നു പരമ്പരയുടെ ഫലം.
എന്നാല്‍ ഞാൻ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു, ഡ്രെസ്സിങ് റൂമിലെ ഒരു കളിക്കാരന്‍റെ അത്ര ആരും വേദനിച്ചിട്ടുണ്ടാവില്ല. ആ വേദനയെ സംശയിക്കുന്നത് കുറ്റകരമാണ്, കാരണം കളിക്കാർ നല്ലൊരു കരിയറാണ് ലക്ഷ്യം വയ്‌ക്കുന്നത്. കളിക്കളത്തില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളാണ് അതിനെ തകര്‍ക്കുന്നത്. അതിനാല്‍ ആരെയും വ്യക്തിഹത്യ ചെയ്യരുതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്"- അശ്വിന്‍ പറഞ്ഞു.
2012 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായ 2-1 പരമ്പര തോൽവിയിൽ നിന്ന് തിരിച്ചുവന്നതിന് ശേഷം തുടര്‍ച്ചയായ 18 പരമ്പരകള്‍ ഇന്ത്യ വിജയിച്ചിരുന്നു. ഈ കുതിപ്പിനായിരുന്നു കിവീസ് വിരാമമിട്ടത്. ബാറ്റര്‍മാരുടെ മോശം പ്രകടനമായിരുന്നു പരമ്പരയില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
പരമ്പര കൈവിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളിലും ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഏറെ നാളായി കയ്യടക്കിവച്ചിരുന്ന ഒന്നാം സ്ഥാനം നഷ്‌ടപ്പെട്ട ടീം നിലവില്‍ ഓസീസിന് പിന്നില്‍ രണ്ടാമതാണ്. ഇതോടെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയും കഠിനമായി.