താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; യുവതി മരിച്ചു - താമരശ്ശേരി കാർ അപകടം
🎬 Watch Now: Feature Video
Published : Nov 23, 2023, 7:45 AM IST
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശിനി റാഷിദയാണ് (38) മരിച്ചത് (Car falls into gorge in Thamarassery). കോഴിക്കോട് എയർപോർട്ടിൽ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇന്നലെ (നവംബര്‍ 22) രാത്രി 9:15ഓടെയാണ് സംഭവം. വയനാട് കൽപ്പറ്റ സ്വദേശികളായ മുസ്‌തഫയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് (Thamarassery Churam accident). മരിച്ച റാഷിദ മുസ്‌തഫയുടെ ഭാര്യയാണ്. ചുരത്തിലെ രണ്ടാം വളവിൽ വച്ച് ഇന്നോവ കാർ നിയന്ത്രണം വിട്ട് നൂറ് മീറ്ററോളം താഴ്‌ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താമരശ്ശേരി പൊലീസ്, മുക്കം ഫയർഫോഴ്‌സ്, ചുരം എൻആർഡിഎഫ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ശക്തമായ മഴയും കാറിന് മുകളിലേക്ക് പന വീഴുകയും ചെയ്‌തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിരുന്നു. രാത്രി പതിനൊന്നരയോടെയാണ് എല്ലാവരെയും കാറിൽ നിന്നും പുറത്തെത്തിക്കാൻ ആയത്. പരിക്കേറ്റ ഒരാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റ് ഏഴുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ റാഷിദയുടെ മരണം സംഭവിച്ചിരുന്നു. ചുരത്തിലെ രണ്ടാം വളവിൽ റോഡിന്‍റെ അരികുകളിൽ നിർമാണ പ്രവൃത്തി നടക്കുന്നിടത്താണ് അപകടം. ലോറിക്ക് സൈഡ് കൊടുക്കുമ്പോൾ കാർ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.