അട്ടപ്പാടി മധു കേസ് : വിധി മാര്‍ച്ച് 30 ന്, നീതി ലഭിക്കുമെന്ന് കുടുംബം
🎬 Watch Now: Feature Video
പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി മാർച്ച് 30 ന്. മണ്ണാർക്കാട് പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക കോടതിയാണ് ഈ മാസം 30 ന് വിധി പറയുക. വാദി ഭാഗത്തിന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം പൂർത്തിയായിരുന്നു.
ശനിയാഴ്‌ച മധുവിന്‍റെ കേസ് പരിഗണിച്ച കോടതി ഈ മാസം 30 ന് വിധി പ്രസ്‌താവന ഉണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മര്‍ദനത്തില്‍ കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ വനത്തിൽ നിന്നും മധുവിനെ കൈകൾ ബന്ധിച്ച് മുക്കാലിയിൽ കൊണ്ടുവന്നു.
പൊലീസ് ജീപ്പില്‍ ബോധരഹിതനായി മധു : മർദനത്തിൽ അവശനായ മധുവിനെ അഗളി പൊലീസിനെ ഏൽപ്പിച്ചു. അഗളിയിലേക്ക് കൊണ്ടുവരുന്ന വഴിയിൽ പൊലീസ് ജീപ്പിൽ വച്ച് മധു അബോധാവസ്ഥയില്‍ ആയി. ഉടന്‍ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വ്യാപക പ്രതിഷേധത്തിനൊടുവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് 16 പേരെ പ്രതി ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൂവായിരത്തില്‍ അധികം പേജുകളുളള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. കേസിൽ 127 സാക്ഷികളാണ് ഉള്ളത്. 2022 ഏപ്രിൽ 28-നാണ് മണ്ണാർക്കാട് പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചത്.
കൂറുമാറിയ 24 സാക്ഷികള്‍ : വിസ്‌തരിച്ച 100 സാക്ഷികളിൽ 76 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയെങ്കിലും മധുവിന്‍റെ ബന്ധു ഉൾപ്പടെ 24 പേർ കൂറുമാറി. തുടര്‍ന്ന് 24 പേരെ വിസ്‌തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. സാക്ഷി വിസ്‌താരത്തിനിടയിൽ നിരവധി നാടകീയ രംഗങ്ങൾക്ക് കോടതി സാക്ഷ്യം വഹിച്ചു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി മധുവിന്‍റെ കുടുംബവും പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും കോടതിയെ അറിയിച്ചു.
സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവുണ്ടായി. മധുവിന്‍റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ഭീഷണിപ്പെടുത്തിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മധു വധക്കേസിൽ വിചാരണ തുടങ്ങിയ ശേഷം പ്രോസിക്യൂട്ടർമാർ ചുമതല ഏൽക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ എസ് രാജേന്ദ്രനെ മാറ്റാൻ കുടുംബം തന്നെ ആവശ്യപ്പെട്ടതും കേസിന്‍റെ നാൾവഴികളിൽ ചർച്ചയായ സംഭവങ്ങളാണ്.
പിന്നീടാണ് രാജേഷ് എം മേനോൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ചുമതലയേൽക്കുന്നത്. സാക്ഷി വിസ്‌താര സമയത്ത് ജഡ്‌ജി ആയിരുന്ന കെ എസ് മധു ഒരു മാസം ആയപ്പോഴേക്കും സ്ഥലംമാറ്റം വാങ്ങി പോയി. നിലവിലെ ജഡ്‌ജി കെ എം രതീഷ് കുമാറാണ് മധു കേസിലെ സാക്ഷി വിസ്‌താരം തുടങ്ങിയതും വിധി പറയാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നതും. മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പബ്ലിക്ക് പ്രോസിക്യൂട്ടറും.