ഉരുപ്പുംകുറ്റിയിൽ എത്തിയത് എട്ടംഗ മാവോയിസ്‌റ്റ് സംഘം ; വെടിവയ്പ്പ് സ്ഥിരീകരിച്ച് എടിഎസ്
🎬 Watch Now: Feature Video
കണ്ണൂർ: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിൽ എത്തിയത് എട്ടംഗ മാവോയിസ്‌റ്റ് സംഘമെന്നും വെടിവയ്പ്പ് നടന്നെന്നും സ്ഥിരീകരിച്ച് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ (ATS Confirms Maoist Presence In Kannur Uruppumkutty). സംഘം തമ്പടിച്ച ടെന്‍റുകൾ കണ്ടെത്തിയെന്നും ഡിഐജി പറഞ്ഞു. വെടിവയ്പ്പിൽ യുഎപിഎ കേസ് രജിസ്റ്റർ ചെയ്‌തു. കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തത്. മാവോ സംഘം പൊലീസിന് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് പ്രത്യാക്രമണം ഉണ്ടായത്. രാവിലെ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്. അതേസമയം മാവോയിസ്‌റ്റുകൾക്ക് പരിക്കേറ്റതായി സ്ഥിരീകരണമില്ല. മാവോയിസ്‌റ്റുകൾ ഉൾക്കാട്ടിലേക്ക് കടന്നെന്ന സൂചനയാണ് ലഭിക്കുന്നത്. മേഖലയിൽ രാത്രിയിലും തെരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും എടിഎസ് അറിയിച്ചു. സ്ഥലത്ത് രക്തവും കണ്ടെത്തിയിട്ടുണ്ട്. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഇന്ന് (തിങ്കളാഴ്‌ച) രാവിലെ 9.30യോടെയാണ് വെടിവയ്‌പ്പുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിലെല്ലാം നേരത്തേ തന്നെ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ദിവസങ്ങൾക്ക് മുൻപാണ് ആറളത്ത് വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തത്. പശ്ചിമ ഘട്ട മേഖല മാവോയിസ്‌റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്ന് പറയപ്പെടുന്നു. കേരളത്തോട് ചേർന്ന ഭാഗത്ത് പരിശോധന ശക്തമാകുമ്പോൾ കർണാടക ഭാഗത്തേക്ക് കടക്കുന്നതാണ് പതിവ് രീതി.