മിഷൻ അരിക്കൊമ്പൻ: സാഹചര്യം അനുകൂലമായാൽ മയക്കുവെടി ഉടനെന്ന് മന്ത്രി എ കെ ശശീന്ദ്രൻ - arikomban
🎬 Watch Now: Feature Video
ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിൽ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കാലാവസ്ഥ അനുകൂലമായാൽ ഏറ്റവും അടുത്ത ദിവസം മയക്കുവെടി വെയ്ക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ. അഭ്യൂഹങ്ങൾ പരത്തി ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലേക്ക് പോകുന്നത് ദൗത്യം പൂർത്തിയാക്കുന്നതിന് വിഘാതമാകുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'അരിക്കൊമ്പന്‍റെ ദൗത്യ ചുമതല വനം വകുപ്പിന് കോടതി നൽകിയിരുന്നെങ്കിൽ അത് കേരള വനംവകുപ്പ് കൃത്യമായി പാലിച്ചേനെ. എന്നാൽ കോടതി ഇതിന് അനുവദിച്ചില്ല. പറമ്പിക്കുളത്തേക്ക് മാറ്റാം എന്ന് പിന്നീട് കോടതി പറഞ്ഞു. എന്നാൽ അവിടുത്തെ എംഎൽഎയും നാട്ടുകാരും ചേർന്ന് കോടതിയുടെ തീരുമാനത്തെ എതിർത്തപ്പോൾ കോടതി അവർക്കും അനുകൂലമായ നിലപാട് എടുത്തു.
നിലവിൽ വിദഗ്‌ധ സമിതി നിർദേശിച്ച സുരക്ഷിതമായ സ്ഥലത്തേക്ക് അരിക്കൊമ്പനെ കൊണ്ടുപോകും. എവിടെ വിട്ടാലും അരിക്കൊമ്പൻ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണ് ഉണ്ടാവുക,' മന്ത്രി വ്യക്തമാക്കി.
മോക്ക്ഡ്രില്‍ ഇന്ന്: അരിക്കൊമ്പനെ പിടികൂടി ചിന്നക്കനാൽ പ്രദേശത്ത് നിന്ന് മാറ്റുന്നതിന്‍റെ ഭാഗമായി മോക്ക്ഡ്രിൽ ഇന്ന് നടക്കും. ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് വിവരങ്ങൾ നൽകാൻ ഹൈക്കോടതി അഞ്ച് അംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ യോഗം ചേരാൻ ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.
ഹൈക്കോടതി നിയോഗിച്ച അഞ്ച് അംഗ വിദഗ്‌ധ സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് അരിക്കൊമ്പനെ മാറ്റാൻ മോക്ക്‌ഡ്രിൽ സംഘടിപ്പിക്കുന്നത്. മുൻപ് ഹൈക്കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യം പരിഗണിച്ച് അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം അതീവരഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താനാണ് വനംവകുപ്പിന്‍റെ നീക്കമെന്നത് വ്യക്തമാണ്. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് ഇന്ന് സംഘടിക്കപ്പെടുക.