Oommen Chandy | 'നഷ്‌ടമായത് നിസ്വാർഥനായ നേതാവിനെ' ; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും - നടൻ കുഞ്ചാക്കോ ബോബൻ
🎬 Watch Now: Feature Video
തിരുവനന്തപുരം : മനുഷ്യസ്നേഹിയും നിസ്വാർഥനുമായ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ 10 കാർഗോ ഏരിയ്ക്ക് മുന്നിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയയ്‌ക്കും നടൻ രമേഷ് പിഷാരടിക്കുമൊപ്പമെത്തിയിരുന്നു.
ഞാന്‍ കണ്ട ഉമ്മന്‍ ചാണ്ടി : രാഷ്ട്രീയക്കാരൻ എന്നതിലുപരി വ്യക്തിപരമായും കുടുംബപരമായും ഉമ്മൻചാണ്ടിയുമായി ബന്ധമുണ്ട്. രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ ഏറ്റവും വലിയ നേതാവാണ് അദ്ദേഹം. തലമുറകളായുള്ള ബന്ധമുണ്ട് അദ്ദേഹത്തിന്‍റെ കുടുംബവുമായി. 24 മണിക്കൂറും ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യാൻ സന്നദ്ധനായിരിക്കുന്ന നിസ്വാർഥനായ, മനുഷ്യസ്നേഹിയായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും കേരള ജനതയ്ക്കും വ്യക്തിപരമായി തനിക്കും കുടുംബത്തിനും തീരാനഷ്‌ടമാണിതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
വ്യക്തിപരം എന്നതിലുപരി അദ്ദേഹത്തെ എപ്പോൾ കാണാൻ ചെന്നാലും ജനങ്ങളെ സേവിക്കുന്ന അവസ്ഥയിലാണ് കണ്ടിട്ടുള്ളത്. ആ ഒരു ഓർമ്മയാണ് തന്‍റെ മനസ്സിൽ ഇപ്പോഴുള്ളത്. വ്യക്തി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ആത്യന്തികമായി മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവാണ് ഉമ്മൻചാണ്ടിയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പ്രതികരിച്ച് രമേഷ് പിഷാരടി : ഒരാളോട് മാത്രം മിണ്ടിനിൽക്കുന്ന ഉമ്മൻചാണ്ടി സാറിനെ താൻ കണ്ടിട്ടില്ലെന്ന് നടന്‍ രമേഷ് പിഷാരടിയും പറഞ്ഞു. ചുറ്റുപാടുമുള്ളവരെ എപ്പോഴും ഒപ്പം നിർത്തുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപാട് നല്ല ഓർമ്മകളുണ്ട്. അദ്ദേഹത്തോടൊപ്പം പൊതുവേദികളിൽ പങ്കെടുക്കാനും ചില ചാനലുകൾക്കുവേണ്ടിയും അദ്ദേഹത്തെ അഭിമുഖം ചെയ്യാനും സാധിച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് : ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.47 ഓടെയാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പ്രത്യേക വിമാനത്തിൽ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, സി.പി ജോൺ, കടന്നപ്പള്ളി രാമചന്ദ്രൻ, മന്ത്രി വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തമിഴ്‌നാട് പിസിസിയുടെ ട്രഷറർ റൂബി ആർ.മനോഹരൻ, ഷിബു ബേബി ജോൺ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് വിലാപയാത്രയാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം എത്തിച്ചത്. ഇവിടെ നിന്നും ദർബാർ ഹാളിലേക്ക് ഭൗതികശരീരം പൊതുദർശത്തിനായി എത്തിച്ചു. വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിൽ നിരവധിപേരാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം അവസാനമായി ഒരു നോക്കുകാണാൻ റോഡരികിൽ കാത്തുനിന്നത്. ചൊവ്വാഴ്‌ച പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഉമ്മൻചാണ്ടി അന്തരിച്ചത്. അര്‍ബുദത്തെ തുടർന്ന് ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.