പരിപാടിക്കിടെ ഗായകന്‍ ബെന്നി ദയാലിന്‍റെ കഴുത്തിലിടിച്ച് ഡ്രോണ്‍ കാമറ; വീഡിയോ വൈറല്‍ - ചെന്നൈ ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ചെന്നൈ: പരിപാടിക്കിടെ പിന്നണി ഗായകന്‍ ബെന്നി ദയാലിന്‍റെ കഴുത്തിലിടിച്ച് ഡ്രോണ്‍ കാമറ. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പരിപാടിക്കിടെയായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായിരിക്കുകയാണ്.
പാട്ട് പാടികൊണ്ടിരിക്കുന്നതിനിടെ സ്‌റ്റേജിലൂടെ പറന്ന കാമറ അപ്രതീക്ഷിതമായി ഗായകന്‍റെ കഴുത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബെന്നി പരിഭ്രാന്തനാവുകയും ഏറെ നേരം സ്റ്റേജിയില്‍ ഇരിക്കുകയും പിന്നീട് പരിപാടി നിർത്തിവെക്കുകയും ചെയ്‌തിരുന്നു. സംഭവത്തെ കുറിച്ച് താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ തന്‍റെ പ്രതികരണമറിയിച്ചിരുന്നു.
'എന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദി അറിയിക്കുകയായണ്. പരിപാടിക്കിടെ ഡ്രോണ്‍ കാമറ എന്‍റെ കഴുത്തിന്‍റെ പിറക് വശത്ത് ഇടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്‍റെ രണ്ട് വിരലുകള്‍ക്ക് പരിക്ക് പറ്റിയിരുന്നു'.
'ഇപ്പോള്‍ എനിക്ക് കുഴപ്പങ്ങളൊന്നുമില്ല. ഇത്തരം പരിപാടികള്‍ക്കിടയില്‍ പ്രൊഫഷണല്‍ ഓപ്പറേറ്റേഴ്‌സിനെ നിയോഗിക്കാനും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഗായകരാണ്. ഞങ്ങള്‍ക്ക് വലിയ അഭിനേതാക്കള്‍ക്ക് നല്‍കുന്ന ക്രമീകരണങ്ങളൊന്നും ആവശ്യമില്ല. പരിപാടിയുടെ സംഘാടകരോട് ചെറിയ രീതിയിലുള്ള ക്രമീകരണങ്ങള്‍ മതിയെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു'-ബെന്നി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ, ബംഗാള്‍, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളില്‍ അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. 19ല്‍ പരം ഇന്ത്യന്‍ ഭാഷകളിലായി 3500ല്‍ പരം ഗാനങ്ങള്‍ ആലപിച്ച വ്യക്തിയാണ് ബെന്നി ദയാല്‍. എസ്‌എസ് മ്യൂസിക് ടിവി ചാനലിന്‍റെ എസ്5 ബാന്‍റിലെ അംഗമാണ് ബെന്നി.
മലയാളത്തിന്‍റെ എക്കാലത്തെയും സസ്‌പെന്‍സ് ത്രില്ലറായ' ബൈ ദി പീപ്പിളില്‍' അദ്ദേഹം തന്‍റെ അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്. ബൈ ദി പീപ്പിള്‍ സിനിമയിലെ ഗാനാലാപനത്തോടെ പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ ബെന്നി ദയാലിനെ ഓഡിഷന് വേണ്ടി നേരിട്ട് ക്ഷണിക്കുകയായിരുന്നു. 50ല്‍ പരം സ്‌റ്റേജ് ഷോകളില്‍ ലൈവായി അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്.
ജാനേ തൂ യാ ജാനേ നായിലെ പപ്പു കാന്‍ ഡാന്‍സ് എന്ന ഗാനത്തിലൂടെയാണ് ബെന്നി പ്രേക്ഷക ശ്രദ്ധ നേടിയത്. തൂ മേരി ദേസ്‌ത് ഹെ, കൈസേ മുഛേ, തര്‍ക്കീബിന്‍, ദാരു ദേസി, ബാങ് ബാങ് തുടങ്ങിയവയാണ് മറ്റു ഹിറ്റ് ഗാനങ്ങള്‍.