ഓരോ ചോക്ലേറ്റിനും ഓരോ കഥ പറയാനുണ്ടാകും.. പങ്കുവച്ച സ്‌നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, പ്രണയത്തിന്‍റെ കഥകൾ.. ഇനി പങ്കുവയ്‌ക്കലുകളില്ലെങ്കിലോ? 'എന്നെ സന്തോഷിപ്പിക്കാൻ ഞാൻ എനിക്ക് തന്നെ ഒരു ചോക്ലേറ്റ് വാങ്ങി നൽകി' എന്ന് പറയുന്ന അവനവനോടുള്ള ഇഷ്‌ടത്തിന്‍റെ കഥ... ഓരോ ചോക്ലേറ്റും സമ്മാനിക്കുന്നത് ഓരോ അനുഭൂതിയാണ്.. ഒരു നുള്ള് ചോക്ലേറ്റ് പകുത്ത് നൽകിയ ഒത്തിരി നല്ലോർമ്മകൾ...
പ്രിയപ്പെട്ടവർക്ക് അത്രമേൽ ഇഷ്‌ടപ്പെട്ട് നൽകാൻ കഴിയുന്ന മറ്റെന്ത് സമ്മാനമാണുള്ളത്. കവർ തുറക്കുമ്പോഴുള്ള മണവും നാവിൽ അലിഞ്ഞിറങ്ങുമ്പോഴുള്ള രുചിയുമൊക്കെ ചോക്ലേറ്റിന് പത്തരമാറ്റ് തിളക്കം നൽകി. രുചിയും മണവും മാത്രമല്ല, ഗുണം കൊണ്ടും ഏറെ മുന്നിലാണ് ചോക്ലേറ്റ്. മിൽക്ക് ചോക്ലേറ്റുകൾ, ഡാർക്ക് ചോക്ലേറ്റുകൾ, വൈറ്റ് ചോക്ലേറ്റുകൾ, ചോക്ലേറ്റ് ട്രഫിൾസ്, ലിക്വിഡ് ചോക്ലേറ്റുകൾ, ചോക്ലേറ്റ് ബാറുകൾ തുടങ്ങി നിരവധി ചോക്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.
പാനീയത്തിൽ നിന്ന് ഇന്നത്തെ ചോക്ലേറ്റിലേക്കുള്ള യാത്ര : ലോകത്തിലെ എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും വേണ്ടിയുള്ള ദിവസമാണിന്ന്... ലോക ചോക്ലേറ്റ് ദിനം... ലോക ചോക്ലേറ്റ് ദിനം ആദ്യകാലത്തിൽ യൂറോപ്പിലാണ് ആഘോഷിച്ചിരുന്നത്. തുടർന്ന്, ആഘോഷങ്ങൾ ലോകമെമ്പാടും വ്യാപിച്ചു. ചോക്ലേറ്റിന്‍റെ ചരിത്രം ഏകദേശം 2,500 വർഷം പഴക്കമുള്ളതാണ്. കൊക്കോ മരത്തിന്‍റെ വിത്തുകൾ സംസ്‌കരിച്ച് അതിൽ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കിയതിന്‍റെ സൂചനകൾ 2,000 വർഷങ്ങൾക്ക് മുമ്പേ യുണൈറ്റഡ് സ്റ്റേറ്റ്സിലുണ്ടായിരുന്നു എന്നാണ് കരുതുന്നത്.
ആദ്യകാലത്ത് മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും മാത്രമാണ് ചോക്ലേറ്റ് ഉണ്ടാക്കിയിരുന്നത്. പക്ഷേ, 1528ൽ സ്പെയിൻ മെക്‌സിക്കോ കീഴടക്കിയപ്പോൾ, സ്‌പാനിഷ് രാജാവ് വൻതോതിൽ കൊക്കോ ബീൻസും ചോക്ലേറ്റ് നിർമാണ ഉപകരണങ്ങളുമായി സ്പെയിനിലേക്ക് മടങ്ങി. താമസിയാതെ, സ്‌പാനിഷ് പ്രഭുക്കന്മാർക്കിടയിൽ ചോക്ലേറ്റ് ഒരു ഫാഷനബിൾ പാനീയമായി മാറി. ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ ചോക്ലേറ്റ് കറൻസിയായും ഉപയോഗിച്ചിരുന്നതായി പറയുന്നു.
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ചോക്ലേറ്റ് ബാറുകളിൽ നിന്ന് വ്യത്യസ്‌തമായി ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു കയ്പേറിയ പാനീയമായിരുന്നു. തേൻ, വാനില, പഞ്ചസാര, കറുവാപ്പട്ട തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ചോക്ലേറ്റ് പാനീയം. 17-ാം നൂറ്റാണ്ടിൽ ഐറിഷ് ഫിസിഷ്യനായ സർ ഹാൻസ് സ്ലോൺ ഈ പാനീയം ചവയ്ക്കാൻ അനുയോജ്യമാക്കുന്ന വിധത്തിൽ രൂപപ്പെടുത്തിയെടുത്തു.
കാഡ്ബറിയുടെയും ഹെർഷീയുടെയും നെസ്‌ലെയുടെയും വരവ് : ചവച്ച് കഴിക്കാൻ കഴിയുന്ന ചോക്ലേറ്റ് കണ്ടെത്തി 25 വർഷത്തിന് ശേഷം, ചിക്കാഗോയിലെ വേൾഡ്‌സ് കൊളംബിയൻ എക്‌സ്‌പോസിഷനിൽ മിൽട്ടൺ എസ്‌യിൽ നിന്ന് സ്ലോണിന്‍റെ ചോക്ലേറ്റ് സംസ്‌കരണ ഉപകരണങ്ങൾ കാഡ്‌ബറി ഉടമകൾ വാങ്ങി. ഇതിന് ശേഷമാണ് ഇംഗ്ലണ്ടിൽ 'കാഡ്ബറി' ആരംഭിച്ചത്. ചോക്ലേറ്റ് പൂശിയ കാരമൽ (chocolate coated caramel) ഉത്‌പാദിപ്പിച്ച് ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ചോക്ലേറ്റ് നിർമാതാക്കളിൽ ഒരാളായി 'ഹെർഷീ' മാറി. 1860-ൽ ആരംഭിച്ച 'നെസ്‌ലെ' ലോകത്തിലെ ഏറ്റവും ജനപ്രിയമായ മിൽക്ക് ചോക്ലേറ്റ് (milk chocolate ) നിർമാതാക്കളിൽ ഒരാളായി മാറി.
ചോക്ലേറ്റിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചോക്ലേറ്റുകൾ ലൈംഗിക താത്പര്യം വർധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ. അംഗീകൃത സെക്‌സ് ഭക്ഷണങ്ങളിൽ ഒന്നാണ് ചോക്ലേറ്റുകൾ. ചോക്ലേറ്റിലെ പ്രകൃതിദത്ത രാസവസ്‌തുക്കൾ ആളുകളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചോക്ലേറ്റിലെ ട്രിപ്റ്റോഫാൻ നമ്മുടെ തലച്ചോറിലെ എൻഡോർഫിനുകളുടെ അളവിനെ ബാധിക്കുന്നു. ഇത് നമ്മെ സന്തോഷിപ്പിക്കുന്നു.
ദിവസവും നിയന്ത്രിത അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയത്തിനും ഹൃദ്രോഗങ്ങളെ അകറ്റിനിർത്തുന്നതിനും നല്ലതായി കണക്കാക്കപ്പെടുന്നു. ഡാർക്ക് ചോക്ലേറ്റിലെ ആന്‍റി ഓക്‌സിഡന്‍റുകൾ രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റുകൾ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഒരു നുള്ള് മധുരത്തോടെ തുടങ്ങാം ഈ ചോക്ലേറ്റ് ദിനം. പ്രിയപ്പെട്ടവർക്ക് നൽകാം പല വർണത്തിൽ പൊതിഞ്ഞ ഒരു കഷണം ചോക്ലേറ്റ്..