ന്യൂഡല്‍ഹി : ശരീരത്തിന്‍റെയോ മനസിന്‍റെയോ അനാരോഗ്യകരമായ അവസ്ഥയെ പൊതുവെ വിളിക്കുന്ന പേരാണ് രോഗം. ഏതൊരു മനുഷ്യനും ഏതൊരു അവസ്ഥയിലും രോഗം പിടിപെടാം. എന്നാല്‍ അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികിത്സ നടത്തുന്നവരാണ് നമ്മളില്‍ പലരും. വിവിധ രോഗങ്ങള്‍ക്കായി അധികമളവില്‍ മരുന്നുകഴിച്ചാല്‍ അത് പിന്നീട് ശരീരത്തിന് ഹാനികരമാകുന്നുണ്ടെന്നതാണ് യഥാര്‍ഥ്യം.
വിവിധ വലിപ്പത്തിലും നിറത്തിലുമൊക്കെയുള്ള മരുന്നുകള്‍ അമിത അളവില്‍ ശരീരത്തിലെത്തുന്നതിനനുസരിച്ച് പ്രതിരോധ ശേഷി കുറയാന്‍ സാധ്യതയുണ്ട്. ഒപ്പം ശരീരത്തില്‍ അര്‍ബുദ കോശങ്ങള്‍ വളരാനും ഇത് കാരണമായേക്കാം. ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണിപ്പോള്‍ ബോണ്‍ യൂണിവേഴ്‌സിറ്റി, ഹാംബര്‍ഗ് എപ്പന്‍ഡോര്‍ഫ് മെഡിക്കല്‍ സെന്‍റര്‍ എന്നിവ ജേണൽ ഫോർ ഇമ്മ്യൂണോതെറാപ്പി ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതമായ മരുന്ന് ഉപയോഗം കാരണം ശരീരത്തിലെ കോശങ്ങളിലുള്ള അഡിനോസിന്‍ എന്ന രാസവസ്‌തുവിന് ചുറ്റും അര്‍ബുദ കോശങ്ങള്‍ കൂടുതലായി വളരാന്‍ കാരണമാവുന്നു.
എന്താണ് അഡിനോസിന്‍ : ശരീര കോശങ്ങള്‍ക്ക് ചുറ്റും കാണപ്പെടുന്ന രാസവസ്‌തുവാണ് അഡിനോസിന്‍. ശരീരത്തില്‍ വിവിധ തരത്തിലുള്ള എന്‍സൈമുകളുണ്ട്. ഇത്തരം എന്‍സെമുകളാണ് ശരീരത്തില്‍ അഡിനോസിന് രൂപം നല്‍കുന്നത്. ശരീരത്തിലെ ചില പ്രത്യേക സാഹചര്യങ്ങളില്‍ എന്‍സൈമുകളെ അഡിനോസിനാക്കി മാറ്റുന്നത് അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് അല്ലെങ്കില്‍ എടിപി എന്ന രാസവസ്‌തുവാണ്. ഇത്തരത്തില്‍ ശരീരത്തില്‍ രൂപപ്പെടുന്ന അഡിനോസിനെ സിഡി39(CD39) എന്നാണ് വിളിക്കുന്നത്. ശരീര കോശങ്ങളിലെ കാന്‍സര്‍ വളര്‍ച്ച തടയുക എന്നതാണ് സിഡി39ന്‍റെ പ്രധാന ധര്‍മങ്ങളിലൊന്ന്.
മരുന്നുകളുടെ അമിത ഉപയോഗം മൂലം സിഡി39ന്‍റെ ഉത്പാദനം കുറയുമ്പോള്‍ അവിടെ കാന്‍സര്‍ കോശങ്ങള്‍ ധാരാളമായി വളരാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ വളരുന്ന കോശങ്ങള്‍ പിന്നീട് ശരീരത്തിന്‍റെ വിവിധ അവയങ്ങളിലേക്ക് പടരുകയും ചെയ്യും. സിഡി 39ന്‍റെ ഉത്പാദനം തടയപ്പെടുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ കാന്‍സര്‍ കോശങ്ങള്‍ വളരാനുള്ള സാഹചര്യങ്ങളുണ്ടാകുമെന്ന് ബോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയിലെ പ്രൊഫ. ഡോ. ക്രിസ്റ്റ മുള്ളര്‍ പറയുന്നു. ഇത്തരത്തില്‍ സിസി39ന്‍റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്ന ഘടകങ്ങളെ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ഫാർമസ്യൂട്ടിക്കൽ ഗവേഷകർ പഠനം നടത്തുന്നുണ്ടെന്നും അഡിനോസിന്‍ ഇല്ലാതെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും മുള്ളര്‍ പറഞ്ഞു.
ഇത്തരത്തിലുണ്ടാകുന്ന കാന്‍സറിനെ ചെറുക്കാന്‍ ശരീരത്തില്‍ എടിപി കോശങ്ങള്‍ വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. ഇങ്ങനെ എടിപിയെ വര്‍ധിപ്പിക്കാനായാല്‍ അതുമൂലം ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനാവുമെന്ന് മാത്രമല്ല ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമാവും. ഇത്തരത്തില്‍ കാന്‍സറിന് കാരണമാവുന്ന 50 പദാര്‍ഥങ്ങളെ സംഘം പരിശോധനക്ക് വിധേയമാക്കി. പഠനത്തിന്‍റെ തുടക്കത്തില്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേക എന്‍സൈമായ കൈനസുകളുടെ പ്രവര്‍ത്തനം തടയുന്ന പദാര്‍ഥങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കി.
എന്താണ് കൈനസ് : ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന പ്രോട്ടീനാണ് കൈനസ്. ഇതിന് ശരീരത്തിലെ കോശങ്ങളെ സജീവമാക്കാനും നിര്‍ജീവമാക്കാനുമുള്ള കഴിവുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയ മരുന്നുകളിലൊന്നായ സെറിറ്റിനിബ് എന്ന മരുന്ന് എടിപി വഴി സിഡി 39ന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് കണ്ടെത്തിയെന്ന് ഷാക്കല്‍ റിപ്പോര്‍ട്ട് ചെയ്തു.
സെറിറ്റിനിബ് മരുന്നുകള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ അവ കൂടുതലായി വര്‍ധിക്കുന്നതായി സംഘം കണ്ടെത്തി. ഇത്തരത്തിലുണ്ടാകുന്ന കാന്‍സര്‍ ചികിത്സിച്ച് മാറ്റുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ സിഡി39 ന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെങ്കിലും പ്രോട്ടീന്‍ കൈനസുകളുടെ പ്രവര്‍ത്തനത്തെ തടയുന്നില്ലെന്നും പഠനത്തിലൂടെ കണ്ടെത്തി.
മരുന്നുകള്‍ ഉപയോഗിക്കേണ്ട വിധം : അസുഖം ബാധിച്ച രോഗികളില്‍ ഇത്തരം മരുന്നുകള്‍ ഒഴിച്ച് കൂടാനാവാത്തവര്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് പ്രൊഫസര്‍ മുള്ളർ പറയുന്നു. മാത്രമല്ല രോഗ ബാധിതരില്‍ ആദ്യം സിഡി 39ന്‍റെ അളവ് നിര്‍ണയിച്ച ശേഷമേ മരുന്ന് നല്‍കാന്‍ പാടുള്ളൂവെന്നും പ്രൊഫസര്‍ പറഞ്ഞു.
പകര്‍ച്ച വ്യാധികളടക്കമുള്ള മാറാരോഗങ്ങളുള്ള ഈ കാലഘട്ടത്തില്‍ രോഗം വരാതെ സൂക്ഷിക്കുകയെന്നതാണ് പ്രധാനം. ആരോഗ്യവാനായിരുന്നാല്‍ മാത്രമേ ഒരു വ്യക്തിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാവൂ അതുകൊണ്ടുതന്നെ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ്.