മൊസമ്പിയുടെ തൊലി കാന്‍സര്‍ പ്രതിരോധത്തിനടക്കം ഉപയോഗപ്പെടുത്താമെന്ന അവകാശവാദവുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ലോഹഘടകങ്ങളാല്‍ മലിനമായ വെള്ളം കുടിക്കുന്നത് കാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ പിടിപെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊസമ്പിയുടെ തോലി ഉപയോഗിച്ചുകൊണ്ട് വെള്ളത്തിലെ ലോഹാംശങ്ങള്‍ നീക്കംചെയ്യാമെന്നാണ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങിലെ ഗവേഷകരായ ഡോ.വിശാല്‍ മിശ്രയും വീര്‍ സിങ്ങും പറയുന്നത്.
മൊസമ്പിയുടെ തൊലിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത അഡ്‌സോര്‍ബന്‍റ് ഉപയോഗിച്ച് ഹെക്‌സാവലന്‍റ് ക്രോമിയം പോലെയുള്ള ലോഹ അയണുകളെ(ions ) ജലത്തില്‍ നിന്നും നീക്കം ചെയ്യാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനം അന്താരാഷ്‌ട്ര ശാസ്‌ത്ര ജേര്‍ണലായ സപ്പറേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹെക്‌സാവലന്‍റ് ക്രോമിയം കാന്‍സര്‍ കൂടാതെ കരളിനേയും കിഡ്‌നിയേയും ത്വക്കിനേയും ബാധിക്കുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു. ലോഹങ്ങളെ വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചതിന് ശേഷം ഈ അഡ്‌സോര്‍ബന്‍റിനെ പെട്ടെന്ന് തന്നെ ജലത്തില്‍ നിന്ന് മാറ്റാനും കഴിയുമെന്ന് വീര്‍ സിങ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ അഡ്‌സോര്‍ബന്‍റുകൊണ്ടുള്ള പാരിസ്ഥിതിക മലീനീകരണം ഉണ്ടാവുന്നുമില്ല.
ALSO READ:പോഷകങ്ങളുടെ കലവറ; ദിവസവും ഓട്‌സ് കഴിച്ചാലുള്ള ഗുണങ്ങള്‍
മൊസമ്പിയുടെ തൊലികള്‍ ശേഖരിച്ചതിന് ശേഷം ഉണക്കുകയും പിന്നീട് ചെറു തരികളായി പൊടിച്ച ശേഷം ബൈ പോളിമര്‍ ആയ ചിറ്റ്‌സണ്‍ ഉപയോഗിച്ചുമാണ് ഈ അഡ്‌സോര്‍ബന്‍റ് ഉണ്ടാക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജലത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ വലിയ ആരോഗ്യവെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. വെള്ളത്തില്‍ നിന്നുണ്ടാകുന്ന രോഗം മൂലം പ്രതിവര്‍ഷം 34 ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതില്‍ ഭൂരിഭാഗവും കുട്ടികളാണ്.
ഇന്ത്യയുടെ പലഭാഗങ്ങളിലും ലോഹ ഘടകങ്ങള്‍ അടങ്ങിയ ജലമാണ് ലഭ്യമായിട്ടുള്ളത് .അതുകൊണ്ട് തന്നെ ലോഹഘടകങ്ങളെ ജലത്തില്‍ നിന്ന് മാറ്റാന്‍ ഈ അഡ്‌സോര്‍ബന്‍റിന് കഴിയുമെന്ന ലബോറട്ടറിയിലെ പരീക്ഷണത്തിലെ കണ്ടെത്തല്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇനി അറയാനുള്ളത് നിയന്ത്രിതമല്ലാത്ത ലബോറട്ടറിക്ക് പുറത്ത് യഥാര്‍ഥ സാഹചര്യങ്ങളില്‍ ഈ അഡ്‌സോര്‍ബന്‍റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്. ഈ പരീക്ഷണമാണ് അടുത്തഘട്ടം.