പോഷക സമ്പന്നമായ, ഏത് പ്രായക്കാര്‍ക്കും കഴിക്കാനാകുന്ന ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും കാത്സ്യത്തിന്‍റെ അളവ് ധാരാളം ഉള്ളതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാനും ഓട്‌സ് സഹായിക്കുന്നു. ഓട്‌സ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യുമെന്ന് പോഷകാഹാര വിദഗ്‌ധയും ഡയറ്റീഷ്യനുമായ ഡോ. നടാഷ ശക്യ പറയുന്നു.
പ്രഭാതഭക്ഷണത്തിൽ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവൻ ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.
ഓട്‌സിന്‍റെ ഗുണങ്ങള്‍
- ശരീര ഭാരം കുറയ്ക്കും
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ആഹാരമാണ് ഓട്‌സ്. കലോറി കുറവാണെന്നതിനാലും ദിവസവും ഒരു ബൗള്‍ ഓട്‌സ് കഴിക്കുന്നത് ശരീര ഭാരം കുറക്കാന്‍ സഹായിക്കും.
- ദഹനത്തിന് സഹായിക്കും
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓട്‌സ് ദിവസവും കഴിക്കുന്നത് മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങൾ എന്നിവക്ക് നല്ലതാണ്. ഓട്‌സ് എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരമായതിനാലാണ് പ്രായമായവര്‍, രോഗികള്‍ എന്നിവരോട് ഓട്‌സ് കഴിക്കാൻ പലപ്പോഴും നിര്‍ദേശിക്കുന്നത്.
വയറുവേദന, ഗ്യാസ്, ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഓട്‌സ് കഴിക്കുന്നത് ആശ്വാസം നല്‍കും. ശരീരത്തിന്‍റെ മെറ്റബോളിസം വർധിപ്പിക്കാനും ഓട്‌സ് സഹായിക്കും.
- വിളർച്ച
ഓട്‌സ് ഇരുമ്പിന്‍റെ ഉറവിടമാണ്. ശരീരത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ സഹായിക്കുന്ന ഇരുമ്പിന്‍റെ അഭാവം ഹീമോഗ്ലോബിന്‍റെ അളവ് കുറക്കുകയും അതുവഴി ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ അകറ്റി നിർത്താനും വിളര്‍ച്ചക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്താനും സഹായിക്കും.
- പ്രമേഹ രോഗികള്‍ക്ക് ഉത്തമം
ഓട്‌സില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പല തരത്തിലുള്ള എൻസൈമുകൾ ഉത്പാദിപ്പിക്കുന്ന മഗ്നീഷ്യം ശരീരത്തിൽ ഇൻസുലിൻ ശരിയായ അളവിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞ ആഹാരമായതിനാല്‍ പ്രമേഹ രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്.
- എല്ലുകള്‍ക്ക് ബലം നല്‍കും
കാത്സ്യം ഓട്‌സിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പ്രായമായവർ ദിവസവും ഓട്‌സ് കഴിക്കുന്നത് അസ്ഥികളുടെ ബലഹീനത, സന്ധി വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. കുട്ടികൾക്ക് അവരുടെ എല്ലുകളുടെ ശരിയായ വികാസത്തിനും ഓട്‌സ് ദിവസവും കഴിക്കുന്നത് നല്ലതാണ്.
- കൊളസ്‌ട്രോള്‍ നിയന്ത്രണം
ഫൈബര്‍ സമ്പന്നമാണ് ഓട്‌സ്. ഓട്‌സ് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
- കുട്ടികൾക്കും ഗര്‍ഭിണികള്‍ക്കും ഉത്തമം
വൈറ്റമിന്‍ ബി, ധാതുക്കൾ, ഫൈബര്‍, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായ ഓട്‌സ് കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ്. 6 മാസത്തിനു ശേഷം കുഞ്ഞുങ്ങൾക്ക് ഓട്‌സ് നല്‍കി തുടങ്ങാം.
ഗര്‍ഭിണികള്‍ സ്ഥിരമായി ഓട്‌സ് കഴിക്കുന്നത് ക്ഷീണവും ബലഹീനതയും കുറക്കും. ഗര്‍ഭസ്ഥ ശിശുവിന്‍റെ എല്ലുകളുടെ വളർച്ചക്കും ഓട്‌സ് കഴിക്കുന്നത് സഹായിക്കും.
Also read: തൈറോയിഡ് കൂടിയാലും കുറഞ്ഞാലും വലിയ വില കൊടുക്കേണ്ടി വരും; കരുതണം ഗര്‍ഭകാലം