ഏതാനും ആഴ്‌ചകൾക്ക് മുമ്പ് കൊവിഡ് -19 മഹാമാരി ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസ് പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം ആശ്വാമാണെന്ന് കരുതാമെങ്കിലും പിന്നാലെ വന്ന അടുത്ത പ്രഖ്യാപനം അത്ര നല്ല വാര്‍ത്തയായിരുന്നില്ല. കൊവിഡിനെക്കാള്‍ മാരകമായൊരു പകര്‍ച്ച വ്യാധിക്കായി കരുതിയിരിക്കണമെന്ന് ലോകാര്യോഗ സംഘടനയുടെ അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ളതായിരുന്നു ടെഡ്രോസ് അദാനത്തിന്‍റെ പ്രഖ്യാപനം. ഡബ്ല്യുഎച്ച്ഒയുടെ 75-ാമത് അസംബ്ലിയില്‍ പ്രസ്‌താവനയിലൂടെയാണ് അദാനം മുന്നറിയിപ്പ് നല്‍കിയിത്.
അദ്ദേഹത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെ, 2018ല്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ രോഗങ്ങളുടെ പട്ടികയില്‍ നിന്ന്, ഏതാകും ലോകത്ത് അടുത്തതായി പൊട്ടിത്തെറി ഉണ്ടാക്കാന്‍ പോകുന്ന രോഗം എന്നറിയാനുള്ള പരിശോധന ശാസ്‌ത്രജ്ഞര്‍ ആരംഭിച്ചു. പട്ടികയില്‍ പറയുന്ന സിക, എബോള, സാര്‍സ് തുടങ്ങിയ രോഗങ്ങള്‍ പരിചിതമാണെങ്കിലും അവസാനമായി പട്ടികയില്‍ ഇടംപിടിച്ച 'ഡിസീസ് എക്‌സ്' (Disease X) ശാസ്‌ത്രജ്ഞരില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരം അനുസരിച്ച്, നിലവില്‍ അജ്ഞാതമായ ഒരു രോഗകാരിയാല്‍ ഉണ്ടാകുന്ന ഡിസീസ് എക്‌സ് ആഗോള തലത്തില്‍ ഗുരുതരമായ പകര്‍ച്ചവ്യാധി ആയി മാറിയേക്കാം.
വൈറസ്, ഫംഗസ്, ബാക്‌ടീരിയ എന്നിവയില്‍ ഏതും ഡിസീസ് എക്‌സിന്‍റെ രോഗകാരി ആകാനാണ് സാധ്യത. കൊവിഡ് മഹാമാരി ലോകത്ത് പടര്‍ന്ന് പിടിക്കുന്നതിന് ഒരുവര്‍ഷം മുന്നേ, കൃത്യമായി പറഞ്ഞാല്‍ 2018ലാണ് ഡിസീസ് എക്‌സ് എന്ന പദം ലോകാരോഗ്യ സംഘടന ആദ്യമായി ഉപയോഗിച്ചത്. അടുത്ത പകര്‍ച്ചവ്യാധി ഡിസീസ് എക്‌സ് ആകാം എന്ന കാര്യത്തില്‍ അതിശയോക്തിയൊന്നും ഇല്ലെന്ന് ബാൾട്ടിമോറിലെ ജോൺസ് ഹോപ്‌കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകനായ പ്രണബ് ചാറ്റർജി പറയുകയുണ്ടായി.
കംബോഡിയയിൽ അടുത്തിടെയുണ്ടായ H5N1 പക്ഷിപ്പനി കേസുകൾ ഒരു ഉദാഹരണം മാത്രമാണെന്നും ചാറ്റർജി കൂട്ടിച്ചേർത്തു. അതേസമയം, ഡിസീസ് എക്‌സ് എന്ന രോഗം ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്‌ക്കാണ് വഴിവച്ചിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കൊവിഡ് 19, എബോള തുടങ്ങിയവ പോലെ ഒരു രോഗമാണ് ഡിസീസ് എക്സ് എന്നാണ് പല ഗവേഷകരും അവകാശപ്പെടുന്നത്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല എന്നത് ഇൻഫെക്ഷൻ കൺട്രോൾ ആന്‍ഡ് ഹോസ്‌പിറ്റൽ എപ്പിഡെമിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാണ്. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ, ലസ്സ ഫീവർ, മാർബർഗ് വൈറസ്, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം, റിഫ്റ്റ് വാലി ഫീവർ തുടങ്ങിയ രോഗങ്ങളും ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുന്നു. ടെഡ്രോസ് അദാനത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ആരോഗ്യ വിദഗ്‌ധര്‍ പരിശോധനയും നിരീക്ഷണവും വ്യാപിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
Also Read: ഡെങ്കി വൈറസ് ചില്ലറക്കാരനല്ല, ജാഗ്രത വേണം; നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്