ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ പലരും ജോലിക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി പുറത്ത് പോകാന്‍ തുടങ്ങി. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ തനിച്ചായി പോകുന്ന കുട്ടികളുടെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ അത്യാവശ്യമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കുട്ടികളുടെ വീട്ടിലിരിപ്പ് ഏറെ കാലം തുടരുക തന്നെ ചെയ്യും. വീട്ടില്‍ തനിച്ചാകുമ്പോള്‍ ഉണ്ടായേക്കാവുന്ന അരോഗ്യ പ്രശ്നങ്ങൾ മുന്‍കൂട്ടി കണ്ട് തടയണം. അതിനാല്‍ ഈ സമയത്തെ അവരുടെ ദിനചര്യകളിലും ആരോഗ്യ കാര്യങ്ങളിലും അധിക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ കുട്ടികൾക്ക് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസിക ആരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. ബുദ്ധിവളർച്ചയ്ക്കും മാനസികാരോഗ്യത്തിനും പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.
പാശ്ചാത്യ ഭക്ഷണങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾ. കൊവിഡിനെ തുടർന്ന് യാതൊരു തരത്തിലുള്ള വ്യായാമമോ ശാരീരിക അധ്വാനമോ ഇവർക്ക് ലഭിക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ കൊഴുപ്പും കൃത്രിമത്വവും അധികമുള്ള പിറ്റ്സ, ബർഗർ എന്നിവ പോലുള്ള പാശ്ചാത്യ ഭക്ഷണങ്ങൾ കുട്ടികളില്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും.
ഉത്തമമായ ആഹാരശീലങ്ങള്‍ കുട്ടികളെ ശീലിപ്പിക്കാന്‍ പറ്റിയ ഒരു അവസരമായി ഈ സമയം മാതാപിതാക്കൾ ഉപയോഗിക്കേണ്ടതുണ്ട്. വീട്ടില്‍ തന്നെ പാചകം ചെയ്ത സമീകൃത ആഹാരം എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുക. കൂടുതല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കുന്ന മൂലകങ്ങള്‍ ആയ സിങ്ക്, വിറ്റാമിന്‍ ഡി, സി, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവ ലഭിക്കും. ധാരാളം വെളളം കുടിക്കുന്നതും ശീലമാക്കണം.