ആർക്കും എവിടെയും വച്ച് നടത്താവുന്ന കൊവിഡ് പരിശോധനയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT). വെറും 15 മിനിറ്റിനുള്ളിൽ തന്നെ പരിശോധന ഫലം ലഭിക്കുമെന്നതിനാൽ സമയവും ലാഭിക്കാം.
നമ്മളിൽ ഭൂരിഭാഗം പേരും റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നോ ലാബുകളിൽ നിന്നോ എടുത്തവരായിരിക്കാം. എന്നാൽ ഇന്ന് വീട്ടിൽ തന്നെ സ്വയം കൊവിഡ് പരിശോധന നടത്താൻ ഉതകുന്ന റാപ്പിഡ് ആന്റിജൻ കിറ്റുകൾ സുലഭമാണ്. ശരിയായ രീതിയിൽ പരിശോധന കിറ്റ് ഉപയോഗിക്കുകയാണെങ്കിൽ കൃത്യമായ ഫലം ലഭിക്കുകയും ചെയ്യും.
എന്നാൽ നമ്മളിൽ പലർക്കും ഒരുപക്ഷെ റാപ്പിഡ് ആന്‍റിജൻ പരിശോധനാ കിറ്റുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ അറിയില്ലായിരിക്കും. ആന്‍റിജൻ പരിശോധന സ്വയം നടത്തുമ്പോൾ ഒഴിവാക്കേണ്ട 15 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
1. തെറ്റായ താപനിലയിൽ കിറ്റ് സൂക്ഷിക്കന്നത്: ശരിയായ പരിശോധനാ ഫലം ലഭ്യമാകാൻ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ 2-30 ഡിഗ്രി താപനിലയിൽ വേണം സൂക്ഷിക്കാൻ. ഉയർന്ന താപനിലയിൽ സൂക്ഷിക്കുന്നത്, പരിശോധനാ കിറ്റിലെ പ്രോട്ടീൻ ഘടനയിൽ സ്ഥിരമായ മാറ്റങ്ങൾ വരുത്തിയേക്കാം. അതുപോലെ തന്നെ തണുത്ത സ്ഥലങ്ങളിലും കിറ്റ് സൂക്ഷിക്കാൻ പാടില്ല. ഇതും കിറ്റിന്‍റെ ഘടകങ്ങളെ നശിപ്പിക്കും.
2. ഫ്രിഡ്‌ജിൽ നിന്ന് നേരിട്ട് ഉപയോഗിക്കുന്നത്: തണുത്ത താപനിലയിൽ റിയാഗന്‍റുകൾ (ടെസ്റ്റ് കിറ്റിലെ അവശ്യ ഘടകങ്ങൾ) ശരിയായ രീതിയിൽ പ്രവർത്തിക്കില്ല. കിറ്റ് ഉപയോഗിക്കുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പെങ്കിലും ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് സൂക്ഷിക്കണം.
3. കാലഹരണപ്പെട്ട ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നത്: ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും കിറ്റിന്‍റെ കാലാവധി പരിശോധിക്കുക. അത് പാക്കറ്റിൽ തന്നെ നിങ്ങൾക്ക് കാണാൻ കഴിയും. കാലഹരണപ്പെട്ട പരിശോധനാ കിറ്റുകളിൽ ബയോളജിക്കൽ അല്ലെങ്കിൽ കെമിക്കൽ റിയാഗന്‍റുകൾ അടങ്ങിയിരിക്കാം. ഇത് കിറ്റിന്‍റെ സ്വാഭാവിക ഗുണം നഷ്‌ടപ്പെടുത്തുന്നു.
4. പാക്കറ്റ് നേരത്തേ തുറക്കുന്നത്: പരിശോധനയ്‌ക്ക് തൊട്ടുമുമ്പ് മാത്രം കിറ്റ് പുറത്തെടുക്കുക. ഇവ തുറന്നു സൂക്ഷിക്കുന്നത് തെറ്റായ പരിശോധന ഫലം നൽകിയേക്കാം.
5. സമ്പർക്കത്തിലേർപ്പെട്ട് വളരെ വേഗത്തിലോ വളരെ വൈകിയോ പരിശോധന നടത്തുന്നത്: സമ്പർക്കത്തിലേർപ്പെട്ട് (exposure) രണ്ട് ദിവസമെങ്കിലും കഴിയാതെ കൊവിഡിന് കാരണമാകുന്ന വൈറസിനെ റാപ്പിഡ് ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കാൻ ശരാശരി മൂന്ന് ദിവസമെങ്കിലും എടുക്കും. അതുപോലെ തന്നെ എക്‌സ്‌പോഷർ കഴിഞ്ഞ് ഏഴോ എട്ടോ ദിവസങ്ങൾക്ക് ശേഷവും വൈറസിനെ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റിലൂടെ കഴിയില്ല.
അതിനാൽ പരിശോധനയ്‌ക്കായി കൂടുതൽ സമയം കാത്തിരിക്കുകയുമരുത്. പല ദിവസങ്ങളിലായി പരിശോധന നടത്തുന്നത് വഴി കിറ്റിന്‍റെ സംവേദനക്ഷമത (കൊവിഡ് സ്ഥിരീകരിക്കാനുള്ള കഴിവ്) മെച്ചപ്പെടുത്തും.
6. എല്ലാ കിറ്റുകളും ഒരുപോലെ ഉപയോഗിക്കുന്നത്: ചില കിറ്റുകളിൽ മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. മറ്റുചിലതിൽ ഉമിനീർ ഉപയോഗിക്കുന്നു. സാമ്പിളിൽ നിന്ന് വൈറസ് വേർതിരിച്ചെടുക്കുന്ന രീതി, പരിശോധനാ ഉപകരണത്തിലേക്ക് ചേർക്കേണ്ട ഡ്രോപ്പുകളുടെ എണ്ണം, ഫലം ലഭിക്കുന്നതിനുള്ള സമയപരിധി എന്നിവ ഓരോന്നിലും വ്യത്യസ്‌തമാണ്. നൽകിയിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കുക. പ്രത്യേകിച്ച് പുതിയ ബ്രാൻഡ് ആണെങ്കിൽ.
7. പരിശോധനാ കിറ്റ് മലിനമാക്കുന്നത്: വിരലുകൾ കൊണ്ട് സ്വാബിന്‍റെ (മൂക്കിനുള്ളിൽ കടത്തുന്ന മൃദുവായ ഭാഗം) അഗ്രം തൊടരുത്. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി സമ്പർക്കമുണ്ടാകാനും അനുവദിക്കരുത്.
8. സാംപ്ലിങ് സ്‌നോട്ട്: മൂക്കിൽ നിന്നുള്ള സ്രവമാണ് പരിശോധിക്കുന്നതെങ്കിൽ, സാമ്പിൾ എടുക്കുന്നതിന് മുമ്പ് മൂക്ക് ചീറ്റുക. മൂക്കിന്‍റെ നാസികാദ്വാരത്തിന് (Nasal passage) സമീപത്ത് നിന്നു വേണം സ്രവം ശേഖരിക്കാൻ. ഇതിനായി ചുവടെ തന്നിരിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കാം.
9. തെറ്റായ രീതിയിലുള്ള സ്വാബിങ്: നാസികാദ്വാരത്തിൽ നിന്ന് സ്രവം ശേഖരിച്ച ശേഷം സ്വാബ് നാസാരന്ധ്രത്തിന്‍റെ (Nostril) ഉള്ളിലേക്കല്ല, മറിച്ച് പിന്നിലേക്ക് വേണം എടുക്കാൻ. അതായത്, സ്വാബ് മുകളിലേക്ക് വലിച്ചെടുക്കുന്നതിന് പകരം തിരശ്ചീനമായും ഏകദേശം 2-3 സെന്‍റിമീറ്റർ പിന്നോട്ട് എടുക്കണം. തുടർന്ന് സ്വാബ് നാസികാദ്വാരത്തിലെ ഭിത്തിയിൽ മൃദുവായി തിരിക്കുക. മറുവശത്തും ഇത് ആവർത്തിക്കുക. കുട്ടികളുടെ സാമ്പിളാണ് ശേഖരിക്കേണ്ടതെങ്കിൽ രക്ഷിതാക്കളോ മറ്റോ എടുക്കുന്നതാകും ഉചിതം.
10. രക്തത്തോടു കൂടി സ്രവം പരിശോധിക്കുന്നത്: രക്തത്തോടു കൂടി സ്രവം പരിശോധിക്കുന്നത് കൃത്യമല്ലാത്ത ഫലം നൽകും. മൂക്കിലെ രക്തസ്രാവം നിലച്ച ശേഷം വീണ്ടും പരിശോധന നടത്തുന്നതാകും ഉചിതം. അല്ലെങ്കിൽ രക്തസ്രാവമില്ലാത്ത ഭാഗത്ത് നിന്ന് സാമ്പിൾ ശേഖരിക്കുക. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ മൂക്കിലൂടെയുള്ള പരിശോധന നടത്താതിരിക്കുന്നതാണ് നല്ലത്. പകരം ഉമിനീർ പരിശോധന നടത്താവുന്നതാണ്.
11. ഉമിനീർ പരിശോധനയ്ക്ക് മുമ്പ് കഴിക്കുന്നതും പുകവലിക്കുന്നതും: ഉമിനീർ പരിശോധനയ്ക്ക് മുമ്പ് ഭക്ഷണം കഴിക്കുക, മദ്യപിക്കുക, പുകവലിക്കുക, ച്യൂയിങ് ഗം ചവയ്ക്കുക, പല്ല് തേക്കുക മുതലായവ തെറ്റായ ഫലം നൽകും. അതിനാൽ ഉമിനീർ സാമ്പിൾ എടുക്കുന്നതിന് 30 മിനിറ്റ് മുമ്പ് ഇവ ചെയ്യാതിരിക്കുക.
12. തെറ്റായ അളവിൽ സാമ്പിൾ ട്രോപ്പുകൾ ഒഴിക്കുന്നത്: ഇൻഡിക്കേറ്റർ ഉപകരണത്തിലേക്ക് സാമ്പിൾ അടങ്ങിയ രാസലായനി തുള്ളികൾ ശരിയായ അളവിൽ ചേർക്കുന്നത് കൃത്യമായ ഫലം നൽകും. വളരെ കൂടുതൽ തുള്ളികൾ ചേർക്കുന്നതും വളരെ കുറവ് തുള്ളികൾ ചേർക്കുന്നതും ശരിയായ ഫലം നൽകില്ല.
13. കൃത്യമായ സമയത്ത് ഫലം പരിശോധിക്കാതിരിന്നത്: നിർദേശിച്ചിരിക്കുന്ന സമയത്ത് തന്നെ ഫലം പരിശോധിക്കുക. വളരെ നേരത്തെ പരിശോധിക്കുയോ വളരെ വൈകിയോ പരിശോധനാഫലം വിലയിരുത്തുന്നത് തെറ്റായ ഫലം നൽകിയേക്കാം. ഇത്തരം സാഹചര്യത്തിൽ ഒരുപക്ഷെ നെഗറ്റീവ് ഫലം പോസിറ്റീവായോ, പോസിറ്റീവ് ഫലം നെഗറ്റീവ് ആയോ കാണിച്ചേക്കാം.
14. ഫലം തെറ്റായി വിലയിരുത്തുന്നത്: ഇൻഡികേറ്ററിൽ തെളിഞ്ഞ് വരുന്ന വരകളിൽ രണ്ട് വരകൾ അർഥമാക്കുന്നത് കൊവിഡ് പോസിറ്റീവ് എന്നാണ്. 'C' എന്ന വര പരിശോധന കൃത്യമായി നടക്കുന്നുണ്ടോ എന്ന് സൂചിപ്പിക്കുന്നു. 'C' എന്ന വര തെളിഞ്ഞില്ലെങ്കിൽ പരിശോധന അസാധുവാണ്. പരിശോധനാ കിറ്റിന്‍റെ കാലാവധി കഴിഞ്ഞതായിരിക്കാം അല്ലെങ്കിൽ പരിശോധന ശരിയായ രീതിയിൽ ചെയ്തില്ല എന്നാണ് ഇതിന്‍റെ അർഥം. 'C' എന്ന വര തെളിഞ്ഞ് വരികയും 'T' തെളിഞ്ഞുവരാതിരിക്കുകയും ചെയ്‌താൽ അതിനർഥം ഫലം നെഗറ്റീവെന്നാണ്.
15. കിറ്റ് തെറ്റായി നിർമാർജനം ചെയ്യുന്നത്: നിങ്ങളുടെ പരിശോധനക്കായി ഉപയോഗിച്ച കിറ്റിലെ ഉപകരണങ്ങൾ (സ്വാബ്, കണ്ടെയ്നറുകൾ, റിയാഗന്റുകൾ, ടെസ്റ്റ് ഉപകരണം മുതലായവ) പരിശോധനക്ക് ശേഷം സുരക്ഷിതമായി കിറ്റിനോടൊപ്പമുള്ള പ്ലാസ്റ്റിക് കവറിൽ അടച്ച് സംസ്‌കരിക്കുക. കിറ്റിനോടൊപ്പമുള്ള കാർഡ്ബോർഡ് പാക്കറ്റും പേപ്പർ നിർദേശങ്ങളും മാത്രം റീസൈക്ലിങിനായി മാറ്റുക.