വയനാട്: കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിനിയായ വീട്ടമ്മക്ക് ഒരു കത്തു വന്നു. കത്തിന്‍റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം. ക്രിസ്മസ് മക്കള്‍ അയക്കുന്ന കാര്‍ഡുകള്‍ അല്ലാതെ തപാല്‍വഴി മറ്റൊന്നും വരാറില്ല.
രണ്ടും കല്‍പ്പിച്ച് കവര്‍ തുറന്നപ്പോഴാണ് വീട്ടമ്മ ശരിക്കും ഞെട്ടിയത്. കവറില്‍ കത്ത് മാത്രമല്ല ഒപ്പം 2000 രൂപയും ഉണ്ടായിരുന്നു. 'പ്രിയ മേരി ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്‍റെ വില ഏതാണ്ട് 2,000 രൂപ വരും.
പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം' എന്ന് അന്നത്തെ കുറ്റവാളി...' എന്നായിരുന്നു കത്ത്. നല്ലവനായ കള്ളനോട് പൊറുത്തു എന്ന് നേരിട്ട് പറയാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് വീട്ടമ്മ പറഞ്ഞു. കത്തിനടിയില്‍ പേരില്ലെങ്കിലും ഒപ്പുണ്ട്.
പത്തുവര്‍ഷം മുമ്പ് (2012 ജൂലൈ 21ന് ) ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതുകൊണ്ട് കത്ത് അയച്ചത് ആരാണ് എന്ന് കണ്ടുപിടിക്കാനും പറ്റില്ല. എന്തായാലും കള്ളന്‍റെ സുമനസ് മറ്റു കള്ളന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥന മാത്രമെ ഇപ്പോള്‍ വീട്ടമ്മയ്ക്കുള്ളൂ.