വയനാട്: തിരുനെല്ലിയിൽ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായ ബ്രഹ്മഗിരി എസ്റ്റേറ്റിൽ തോടിന്‍റെ ഒഴുക്ക് തടഞ്ഞ് സ്വകാര്യ വ്യക്തി കുളം നിർമിക്കുന്നതായി പരാതി. കുന്നിനുമുകളിൽ അശാസ്ത്രീയമായാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി. ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന തോടിന്‍റെ ഒഴുക്ക് തടഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് എസ്റ്റേറ്റ് അധികൃതർ അനുമതി ഇല്ലാതെ കുളം നിർമാണം തുടങ്ങിയത്. നേരത്തെ തന്നെ ഇവിടെ ഒരു കുളം നിർമിച്ചിരുന്നു. ഇതിനോട് ചേർന്നാണ് പുതിയ കുളം നിർമിക്കുന്നത്.
എസ്റ്റേറ്റിന്‍റെ പ്രദേശത്തുള്ള 500 ഏക്കർ വയലിൽ ജലസേചനത്തിനും ആദിവാസികൾ അടക്കമുള്ളവർ കുടിവെള്ളത്തിന് ആശ്രയിക്കുന്നതും ആശ്രയിക്കുന്ന തോടിന്‍റെ ഒഴുക്ക് തടഞ്ഞാണ് കുളം നിർമാണം. ഉരുൾപൊട്ടൽ ഭീഷണിയുള്ള ഇടത്താണ് അശാസ്ത്രീയമായി കുളം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് താഴ്‌വാരത്തെ 17 വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. കുളം നിർമാണത്തിനെതിരെ നാട്ടുകാർ സബ് കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.