വയനാട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ. നാളെ കൽപ്പറ്റയിൽ നടക്കുന്ന ബഹുജന റാലിയിൽ പങ്കെടുക്കാനാണ് രാഹുൽഗാന്ധി എത്തുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്തുണ അർപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട്ടിൽ റാലിയും പൊതുസമ്മേളനവും നടത്തുന്നത്.
എസ്.കെ.എം.ജെ.കെ.പി സ്കൂൾ പരിസരത്ത് നിന്ന് തുടങ്ങുന്ന റാലി രണ്ട് കിലോമീറ്റർ ദൂരെയുള്ള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. റാലിയിൽ പങ്കെടുക്കുന്നവർ പാർട്ടി കൊടികൾ ഒഴിവാക്കി ദേശീയപതാക ഉപയോഗിക്കണം എന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ രാഹുൽഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.