വയനാട് : ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയുടെ ശരീരത്തില്‍ മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയൊന്നിന് വൈത്തിരിയിലെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ച മുമ്പാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോൾ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്‍റെ കാരണം വ്യക്തമല്ല. ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്‍റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടില്‍ മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന മറുപടി. സക്കീനയുടെ മരണത്തില്‍ പി. ഗഗാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഭർത്താവ് ജോണിന് (ഷാജി) മർദനമേറ്റ സാഹചര്യത്തിലാണ് തുളസി പരാതി നല്‍കിയത്. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയെന്ന് ജോൺ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.