വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ നിലമ്പൂരെത്തും. രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലത്തിലും നേരിട്ടെത്തിയാകും അദ്ദേഹം വോട്ടർമാര്‍ക്ക് നന്ദി അറിയിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തുന്ന രാഹുലിനെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും.
വണ്ടൂർ മണ്ഡലത്തിലെ കാളികാവിൽ ആണ് ആദ്യം പര്യടനം. വണ്ടൂരിൽ നിന്ന് ആരംഭിക്കുന്ന പരിപാടി കാളികാവ് ടൗൺചുറ്റി മൂലംകോട് റോഡിൽ സമാപിക്കും. നാലുമണിക്ക് നിലമ്പൂർ മണ്ഡലത്തിലെ ചന്തക്കുന്നിൽ നിന്ന് ആരംഭിക്കുന്ന പര്യടനം ചെട്ടിയങ്ങാടി യുപി സ്കൂളിൽ സമാപിക്കും. തുടർന്ന് ഏറനാട് മണ്ഡലത്തിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും പര്യടനം നടത്തും. ഈ പരിപാടിക്കു ശേഷം റോഡ് മാർഗം വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന രാഹുൽഗാന്ധി ബത്തേരിയിൽ താമസിക്കും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വയനാട് ജില്ലയിലെ പുൽപ്പള്ളിയിലും ശേഷം ബത്തേരിയിലും എത്തി രാഹുൽ ഗാന്ധി വോട്ടർമാരെ കാണും. പിന്നീട് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൽപ്പറ്റയിലും തുടർന്ന് മാനന്തവാടിയിലുമാണ് പരിപാടി. കണ്ണൂർ വഴിയാകും രാഹുൽഗാന്ധി ഡൽഹിയിലേക്ക് മടങ്ങുക.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടി തുടങ്ങിയവർ രാഹുൽ ഗാന്ധിയോടൊപ്പം പര്യടനത്തിൽ പങ്കെടുക്കും.