വയനാട്: ബ്രഹ്മഗിരിയുടെ ഭാഗമായ ബ്രഹ്മഗിരി എസ്റ്റേറ്റിൽ കുന്നിടിക്കലും മരം മുറിക്കലും നടക്കുന്നുവെന്ന് ആരോപണം. കേരളത്തിലും കർണാടകത്തിലുമായി വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് ബ്രഹ്മഗിരി. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. കബനീ നദിയുടെയും കാവേരിയുടെയും ഉത്ഭവസ്ഥാനം കൂടിയാണ് ബ്രഹ്മഗിരി.
ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിൽ ആയിരുന്ന ഈ തോട്ടം ഇപ്പോൾ മലയാളികളുടെ ഉടമസ്ഥതയിലാണുള്ളത്. 190 ഏക്കറാണ് എ എസ്റ്റേറ്റ്. ഇതിനോട് ചേർന്നുള്ള ബി എസ്റ്റേറ്റിന്‍റെ 100 ഏക്കർ സ്ഥലം വനംവകുപ്പ് നിക്ഷിപ്‌ത വനഭൂമി നിയമം അനുസരിച്ച് പിടിച്ചെടുത്തിട്ടുണ്ട്. എ എസ്റ്റേറ്റിലെ ഒരേക്കറോളം സ്ഥലത്താണ് കുന്ന് ഇടിക്കൽ നടക്കുന്നത്. അതേ സമയം അനുമതി പാലിക്കാതെയാണ് കുന്നിടിക്കൽ നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി നടന്ന പ്രളയങ്ങളിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലമാണ് ബ്രഹ്മഗിരി എസ്റ്റേറ്റ്. ബ്രഹ്മഗിരി എസ്റ്റേറ്റിൽ നിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകളെയാണ് താഴ്വാരത്ത് താമസിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്നത്. കുന്നിൻമുകളിലെ മരങ്ങൾ മുറിച്ചാൽ ഇല്ലാതാകുന്നത് ഈ നീർച്ചാലുകളും ഇവരുടെ ആവാസ വ്യവസ്ഥയുമാണ്.