വയനാട്: വയനാട്ടിലെ മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വിദ്യാര്‍ഥിയുടെ കമ്പളക്കാടുള്ള വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. വ്യാഴാഴ്‌ചയായിരുന്നു പ്ലസ്‌ടു വിദ്യാർഥി ഫാത്തിമ നസിലയെ സ്‌കൂളിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിട്ടും സംഭവം മറച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധ്യക്യതരുടെ നടപടി ദുരൂഹത സൃഷ്‌ടിച്ചിരുന്നു. ശുചിമുറിക്കുള്ളില്‍ വിദ്യാർഥിയെ അവശനിലയിൽ കണ്ടെത്തിയെന്നായിരുന്നു സ്‌കൂൾ അധികൃതർ പൊലീസിന് ആദ്യം നൽകിയ മൊഴി. എന്നാൽ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ വന്നതോടെ കലക്‌ടര്‍, ജില്ലാ പൊലീസ് മേധാവി, ഡിഎംഒ എന്നിവർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.