സിവിൽ സർവ്വീസ് റാങ്ക് പട്ടികയിൽ 410-ാം റാങ്കുമായി വയനാട്ടിലെ കുറിച്യ വിഭാഗത്തിലെ പെൺകുട്ടി. വയനാട് പൊഴുതന സ്വദേശിനിയായ ശ്രീധന്യ സുരേഷാണ് ചരിത്ര നേട്ടം കൈവരിച്ചത്. കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്ന ആദ്യത്തെ വ്യക്തിയാണ് ശ്രീധന്യ. വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയില്‍ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.
കനിഷാക കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. ശ്രീധന്യയെ കൂടാതെ ആർ ശ്രീലക്ഷ്മി, രഞ്ജിനാ മേരി വർഗീസ്, അർജുൻ മോഹൻ എന്നീ മലയാളികളും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയ്ക്ക് 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേരാണ് പങ്കെടുത്തത്.