വയനാട്: വട്ടത്തിമൂലയിൽ വൻ കഞ്ചാവ് വേട്ട. വീട്ടില്‍ സൂക്ഷിച്ചിരുന്ന 102 കിലോയോളം കഞ്ചാവ് ജില്ലാ ആന്‍റി നർകോട്ടിക് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ കെ. കൃഷ്ണന്‍കുട്ടിയെ (51) പൊലീസ് അറസ്റ്റ് ചെയ്തു. കിടപ്പ് മുറിയില്‍ കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
അഞ്ച് ബാഗുകളിലും, മൂന്ന് ചാക്കിലുമായി 102 കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. രണ്ട് കിലോയുടെ 48 പായ്ക്കുകളായാണ് ഇവ സൂക്ഷിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ആന്‍റി നര്‍ക്കോട്ടിക് സെല്ലും ചേര്‍ന്നായിരുന്നു പരിശോധന.
READ ALSO മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ; അരക്കോടിയിലേറെ വിലവരുന്ന 120 കിലോ പിടികൂടി
ആന്ധ്രാപ്രദേശില്‍നിന്നും മൊത്തവിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് നിഗമനം. എന്നാൽ മറ്റൊരാൾ വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നും, പ്രതിഫലമായി പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞതായുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.