തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീപ്പൊള്ളലേറ്റ് മരിച്ചു. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍മാരാണ് മരിച്ചത്. ഒരു വാച്ചർക്ക് ഗുരുതരമായി പൊള്ളലേറ്റു. ട്രൈബൽ വാച്ചർ ദിവാകരൻ, താൽക്കാലിക ജോലിക്കാരനായ എൻഎംആർ വാച്ചർ വേലായുധൻ എന്നിവരാണ് മരിച്ചത്. മറ്റൊരു എൻഎംആർ വാച്ചർ ശങ്കരനാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊറ്റമ്പത്തൂരിലെ എച്ച്എൻഎൽ തോട്ടത്തിലാണ് തീ പടർന്നത്. രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് പേരും തീക്കുള്ളില്‍ അകപ്പെടുകയായിരുന്നു. ഇതിനിടെ മറ്റ് പലർക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജില്ലയിലെ വിവിധ റേഞ്ചിൽ നിന്നുള്ള അഗ്നിരക്ഷാപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.