തൃശൂര്‍: ജന്മപാപങ്ങൾ ഒഴിഞ്ഞ് പുനർജന്മ പുണ്യം നുകർന്ന് ആയിരങ്ങൾ. ഗുരുവായൂർ ഏകാദശി ദിനത്തിൽ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ ഗുഹയിലാണ് നൂഴല്‍ നടക്കുന്നത്. ഏകാദശി ദിവസം അതി രാവിലെ തുടങ്ങി വൈകുന്നേരം വരെ നീണ്ടുനിൽക്കുന്നതാണ് പുനർജനി നൂഴൽ. ഇതിലൂടെ പാപങ്ങൾ ഒഴിഞ്ഞ് പുനർജന്മ പുണ്യം നുകരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിശ്വാസികൾ.
ജന്മ പാപങ്ങളൊടുക്കുന്ന ഗുഹ
ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ജന്മ പാപങ്ങൾ നശിക്കുന്നു എന്നും അങ്ങിനെ നിരന്തരമായ നൂഴലിലൂടെ ജൻമ ജൻമാന്തര പാപങ്ങൾ ഒടുക്കി ആത്മാവിന് മുക്തി ലഭിക്കുന്നു എന്നുമാണ് വിശ്വാസം. ബ്രഹ്മ-വിഷ്‌ണു- മഹേശ്വരൻ മാരുടെ സാന്നിദ്ധ്യം വരുത്തിയാണത്രേ വിശ്വകർമ്മാവ് ഗുഹാമുഖം പണി തുടങ്ങിയത്. ഐരാവതത്തിലേറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഗുഹയുടെ നിർമ്മാണം പൂർത്തിയായശേഷം ദേവൻമാർ പുനർജനി നൂഴുന്നത് വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലായിരുന്നു. അത്യന്തം ദുഷ്കരവും ഇടുങ്ങിയതുമായ ഗുഹയിലെ വഴിയിലൂടെ ഇരുന്നും, നിന്നും, മലർന്നും, കിടന്നു നിരങ്ങിയും മറ്റും വേണം ഗുഹയുടെ മറുഭാഗത്തെത്തുവാൻ. പരസ്‌പരം കൈകൾ ചേർത്ത് പിടിച്ചും ഗുഹാമുഖത്തെ സൂര്യ പ്രകാശം കണ്ടുമാണ് നൂഴല്‍ പൂർത്തിയാക്കുന്നത്.
അതിരാവിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം മേൽശാന്തിമാരെത്തി ഗുഹാമുഖങ്ങളിൽ പൂജ നടത്തുകയും ശേഷം ആദ്യം തിരുവില്വാമലയില രാമചന്ദ്രൻ എന്ന ചന്തുവാണ് ഗുഹയിലൂടെ നൂഴ്‌ന്നത്. പിന്നീട് ടോക്കൺ പ്രകാരമാണ് ആളുകൾ നൂഴുന്നത്.
അനുമതി കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക്
രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവർക്കാണ് പുനർജനി നൂഴലിന് അനുമതിയുള്ളത്. നേരത്തെ എടുത്ത ടോക്കൺ ഉള്ള ഭക്തരെയാണ് പ്രവേശിപ്പിക്കുന്നത്. ഇക്കുറി ഭക്തജനങ്ങൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ്, ഗ്രാമ പഞ്ചായത്ത്, പൊലീസ്, ഫോറസ്റ്റ് , ആരോഗ്യ വകുപ്പ്, ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എങ്ങനെയെത്താം
പാലക്കാട് – തൃശൂർ ജില്ലകളുടെ അതിർത്തിയില്‍ ഭാരതപ്പുഴയുടെ തീരത്താണ് തിരുവില്വാമല. പാലക്കാടു നിന്ന് 32 കി.മീറ്ററാണ് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക്. തൃശൂരില്‍ നിന്ന് സ്വകാര്യ ബസ് സർവീസ് ലഭ്യമാണ്. തിരുവില്വാമലയിലെ ഹനുമാൻ ക്ഷേത്രവും പ്രസിദ്ധമാണ്.