തൃശൂർ: ശ്രീ കേരളവർമ്മ കോളജ് പ്രിൻസിപ്പൽ ഡോ. എ.പി ജയദേവന്‍ രാജിവച്ചു. കോളജ് മാനേജ്‌മെന്‍റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവന്‍റെ ഭാര്യയും തൃശൂർ കോർപറേഷൻ മുൻ മേയറുമായ ഡോ. ആർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പലാക്കിയെന്ന വിവാദമുയർന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് എ.പി ജയദേവന്‍റെ രാജി. വൈസ് പ്രിൻസിപ്പൽ നിയമനത്തിലുള്ള പ്രതിഷേധം തന്നെയാണ് രാജിക്ക് കാരണം.
താൻ അധ്യാപകനായി തുടരുമെന്ന് പ്രിൻസിപ്പൽ ഡോ. ജയദേവൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ആർ. ബിന്ദുവിനെ ഒക്‌ടോബർ 30 നാണ് വൈസ് പ്രിൻസിപ്പലായി നിയമിച്ചത്. കഴിഞ്ഞയാഴ്‌ച ബിന്ദു വൈസ് പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയ്‌തു. കോളജിൽ ചട്ടംമറികടന്ന് പ്രത്യേകം തസ്‌തിക സൃഷ്‌ടിച്ചാണ് ബിന്ദുവിന്‍റെ നിയമനമെന്നായിരുന്നു ആക്ഷേപം. പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പലിന് നൽകുന്നതുവഴി പരീക്ഷയുടെയും കോളജിന്‍റെയും നടത്തിപ്പ് മാത്രമായി പ്രിൻസിപ്പലിന്‍റെ പദവി ചുരുങ്ങിയെന്നും പരാതിയുള്ളതായി പറയുന്നു.