തൃശൂർ: ജില്ലയില്‍ കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തില്‍ മാർക്കറ്റുകളിൽ അണുനശീകരണം നടത്തി ജില്ലാ ഭരണകൂടം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാർക്കറ്റ് അടച്ചിട്ട് ശുചീകരണം നടത്താൻ മന്ത്രി എ.സി മൊയ്തീന്‍റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ഇന്ന് തൃശൂർ കോർപ്പറേഷന്‍റെ മേൽനോട്ടത്തിൽ ജില്ലയിലെ തന്നെ പ്രധാന വിപണി കേന്ദ്രമായ ശക്തൻ മാർക്കറ്റിലാണ് അനുണശീകരണം നടത്തിയത്. കഴിഞ്ഞ ദിവസം കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ശുചീകരണ പ്രക്രിയകൾ നടത്തിയത്. ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാന്യങ്ങളും പച്ചക്കറികളുമായി ലോറികൾ എത്തുന്നുണ്ട്. ഇതുവഴിയുള്ള രോഗവ്യാപനം തടയുകയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ലക്ഷ്യം.
തൃശൂർ ജില്ല മുഴുവനായി അടച്ചിടില്ലെങ്കിലും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും രണ്ട് ദിവസം വിപണി ഇല്ലാത്തതിനാൽ അവശ്യ വസ്‌തുക്കള്‍ നേരത്തെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നൽകിയിരുന്നു. ശക്തൻ മാർക്കറ്റ് കൂടാതെ ഇരിങ്ങാലക്കുട, ചാലക്കുടി, ചാവക്കാട് തുടങ്ങിയ വിപണി കേന്ദ്രങ്ങളിലും ശുചീകരണം നടത്തും.