തൃശൂര്‍: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പെൺകുട്ടിയുടെ പരിശോധനയുടെ രണ്ടാമത്തെ ഫലം ലഭിച്ചിട്ടില്ല. ഇന്ന് ലഭിച്ച രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും പൂനെയിൽ നിന്നുള്ള വിദഗ്‌ധ സംഘം നാളെ ആലപ്പുഴയിൽ എത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആകെ 1793 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ മറ്റാർക്കും രോഗബാധ കണ്ടെത്തിയിട്ടില്ല. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും മെഡിക്കല്‍ കോളജില്‍ 14 പേരും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങൾ കണ്ട 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് തൃശൂരിൽ നിന്നും അഞ്ച് സാമ്പിളുകൾ പരിശോധനക്ക് അയച്ചുവെന്നും നിപ്പയെ കൈകാര്യം ചെയ്ത രീതി ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചൈനയിൽ നിന്നെത്തിയവർ നിർബന്ധമായും പൊതുയിടങ്ങളിൽ ഇറങ്ങരുത്. ഇവരുടെ വീട്ടുകാരും പുറത്തിറങ്ങരുത്. കൊറോണ വൈറസ് ബാധയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിലാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.