തൃശൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്‌ടര്‍ ഉത്തരവിറക്കി. ആദ്യഘട്ടത്തില്‍ 2000 പേരെ മാത്രമേ വെര്‍ച്വല്‍ ക്യൂ വഴി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. ദര്‍ശനത്തിന് വരുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ദിവസം പരമാവധി 25 വിവാഹങ്ങള്‍ മാത്രം നടത്താം. ഒരു വിവാഹത്തിന് വധൂവരന്മാര്‍ ഉള്‍പ്പെടെ 12 പേര്‍ മാത്രമേ പാടുള്ളൂ. ഇവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ദേവസ്വം, പാരമ്പര്യ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രം ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് ആയിരിക്കണം. 10 വയസില്‍ താഴെയും 60 വയസിന് മുകളില്‍ ഉള്ളവരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.
കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നു എന്നത് ദേവസ്വം, ആരോഗ്യ വിഭാഗം ഉറപ്പ് വരുത്തണം. ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി രണ്ടാഴ്‌ച അടച്ചിരുന്നു. പിന്നീട് ജീവനക്കാരിൽ നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ക്ഷേത്രം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം രൂപപ്പെട്ടത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ക്ഷേത്രം തുറക്കേണ്ടതുള്ളൂവെന്നും കലക്‌ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികളെടുക്കും. കൂടാതെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.