തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാല്‍ പൊങ്കാല. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പൊങ്കാല ചടങ്ങുകൾ. തോറ്റം പാട്ടുകാർ കണ്ണകി ചരിതത്തിലെ പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടിത്തീർന്നതിന് പിന്നാലെയായിരുന്നു ചടങ്ങ്. രാവിലെ 10.50ന് ശ്രീകോവിലിൽ നിന്നും ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പകർന്നു നൽകിയ ദീപം ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി തുടങ്ങിയവർ ചടങ്ങിന് സാക്ഷിയായി. ചരിത്രത്തിലാദ്യമായി ക്ഷേത്രത്തിനുള്ളിലെ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല. കൊവിഡ് സാഹചര്യത്തില്‍ ക്ഷേത്ര പരിസരത്തും റോഡുകളിലും പൊതു ഇടങ്ങളിലും പൊങ്കാലയിടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വീടുകളിൽ മാത്രം പൊങ്കാലയിടാനായിരുന്നു അനുമതി. ഈ സാഹചര്യത്തിൽ ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിച്ചു.
വീടുകളിലാണെങ്കിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഭക്തര്‍ പറയുന്നു. അതേസമയം പൊങ്കാല വീടുകളിലേക്ക് ചുരുങ്ങിയതിന്‍റെ വിഷമവും ചിലർ പങ്കുവച്ചു. പൊങ്കാല അർപ്പിക്കാൻ കഴിയാതെ പോയവർ ആറ്റുകാലമ്മയ്ക്ക് മനസിൽ പൊങ്കാല അർപ്പിച്ചു. രാവിലെ മുതൽ തന്നെ ക്ഷേത്ര ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്.