തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 55 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയാണുള്ളത്. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമായതിനാൽ ജാഗ്രത നിർദേശം ഉണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍ : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടം : മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്‌ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നൂറിലധികം വീടുകൾ മഴയിൽ തകർന്നു. ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂരിൽ വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീണ് ഇന്നലെ ഒരാൾ മരിച്ചു. ഫൗസിൽ ബഷീർ ആണ് മരിച്ചത്.
കണ്ണൂർ, തൃശൂർ ജില്ലകളിൽ റോഡിലേക്ക് മരം വീണ വാഹനങ്ങൾ തകരുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്‌തു. തൃശൂർ ജില്ലയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വൻ നാശനഷ്‌ടം ഉണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി വീഴുകയും ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്‌തു.
കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇത് ആളുകളെ ആശങ്കയിലാഴ്‌ത്തി. മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലും കടല്‍ക്ഷോഭം ഉണ്ടായി. തുടര്‍ന്ന് നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി.
കടല്‍ ഭിത്തി തകര്‍ന്ന ഇടങ്ങളിലാണ് കൂടുതൽ നാശനഷ്‌ടങ്ങള്‍ ഉണ്ടായത്. തീരദേശവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 64 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പമ്പ, മണിമലയാറുകൾ കരകവിയാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
തൃശൂർ വാടാനപ്പള്ളിയില്‍ മഴ പെയ്‌ത് റോഡ് തകർന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ പെയ്‌ത കനത്ത മഴയിൽ അങ്കണവാടി തകർന്നുവീണു. വൈദ്യുതിബന്ധം താറുമാറായി. കിഴക്കൻ വെള്ളത്തിന്‍റെ വരവ് വർധിച്ചതോടെ ആലപ്പുഴ ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ചെറു ഡാമുകൾ തുറന്നു.
Also read : പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി