തിരുവനന്തപുരം: വെണ്‍പകലില്‍ ഒറ്റക്ക് താമസിച്ചിരുന്ന അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജുകുമാറിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. കൂട്ടുപ്രതി പെരുമ്പഴുതൂര്‍ സ്വദേശി പ്രമോദിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 2005 ലെ ഈസ്റ്റര്‍ ദിനത്തിലാണ് അതിയന്നൂര്‍ വെണ്‍പകല്‍ മേലേപുത്തന്‍വീട്ടില്‍ റോസമ്മ ടീച്ചറെ പ്രതി കൊലപ്പെടുത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയല്‍വാസിയായ ബിജുകുമാറും പെരുമ്പഴുതൂര്‍ സ്വദേശി പ്രമോദും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. റോസമ്മ ടീച്ചറുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്ന് പവന്‍റെ മാലയും അലമാരയിലുണ്ടായിരുന്ന അമ്പതിനായിരയും രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു.
അന്നത്തെ സിഐ സുരേഷ് കുമാറിന്‍റെ നേതൃത്തില്‍ നടന്ന അന്വേഷണത്തില്‍ തൊണ്ടിമുതലായ മാലയും പണവും കണ്ടെടുക്കുകയും ഒന്നാം പ്രതിയായ ബിജുകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുറ്റപത്രത്തിലെ ചില സാങ്കേതിക പിഴവുകള്‍ ഹൈക്കോടതി കണ്ടെത്തുകയും തുടര്‍ന്ന് പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപെടുകയും ചെയ്തു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയിലെ ജില്ലാ ജഡ്ജി എസ് സുഭാഷാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി 24 സാക്ഷികളും 33 രേഖകളും 14 തൊണ്ടി മുതലും ഹാജരാക്കി. അതേസമയം പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.