തിരുവനന്തപുരം: എൻസിപി നേതാവിനെതിരായ യുവതിയുടെ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മിഷനും പരാതി. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരാണ് പരാതി നൽകിയത്. മന്ത്രിയുടെ നിയമവിരുദ്ധമായ ഇടപെടലിൽ ഗവർണർ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ഭരണഘടന ബാധ്യത ലംഘിച്ച മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി ലഭിച്ചിട്ടും പൊലീസ് കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടില്ല. പീഡന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി നേരിട്ട് ഇടപെടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. കുറ്റാരോപിതനായ പത്മാകരനെതിരെയും മന്ത്രി എകെ ശശീന്ദ്രനെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന് നൽകിയ പരാതിയിൽ വീണ എസ് നായർ പറയുന്നു.
മന്ത്രിയുടെ ശബ്‌ദരേഖ പുറത്ത്
കഴിഞ്ഞ മണിക്കൂറുകളിൽ പീഡന കേസ് പരാതി ഒതുക്കാൻ മന്ത്രി എ.കെ. ശശിന്ദ്രൻ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത് വന്നിരുന്നു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിൽ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരന് എതിരായി യുവതി നൽകിയ പരാതി ഒതുക്കി തീർക്കാൻ പരാതിക്കാരിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ശബ്‌ദരേഖയിൽ പരാതി നല്ല നിലയിൽ തീർക്കണം എന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്നുണ്ട്.
More read: പീഡന കേസ് പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം
Also read: പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ