തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഹമ്മദ് റിയാസ് അഭിനയിക്കുന്നതുപോലെ സ്‌പോൺസേർഡ് സീരിയലിലല്ല താൻ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുൻ പ്രതിപക്ഷ നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടാനില്ലാത്തയാളാണ് താനെന്ന റിയാസിന്‍റെ വിമർശനം ഉൾക്കൊള്ളുന്നു.
അവരുടെ അത്രയും പ്രവർത്തന പാരമ്പര്യം ഇല്ലെന്ന ബോധം തനിക്കുണ്ട്. അവരിരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന അഭിമാന ബോധവുമുണ്ട്. റിയാസിന് അതുണ്ടാകാത്തത് സ്‌പോൺസേർഡ് സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടാണ്. പ്രതിപക്ഷ നേതാവിന് ബിജെപിയുമായി അന്തർധാര എന്നുപറയുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ നിലപാടുകളെ കുറിച്ച് ചിന്തിക്കണം.
മുഖ്യമന്ത്രിയോട് ചോദിച്ചാൽ റിയാസിന് ഇക്കാര്യങ്ങൾ വ്യക്തമാകും. ആർഎസ്എസ് നേതാക്കളോട് രഹസ്യമായി വേഷം മാറി കാറുമാറി കയറി ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണ്. പ്രതിപക്ഷ നേതാവല്ല. നരേന്ദ്ര മോദിക്ക് എതിരെ സംസാരിക്കുന്നില്ല എന്ന് പറയുന്നത് വല്ലപ്പോഴും പത്രം വായിക്കാത്തതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിയുമായി ധാരണയിൽ എത്തിയത് സർക്കാരാണ്. ലാവലിൻ കേസിലും സ്വർണക്കള്ള കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും കേന്ദ്രസർക്കാർ നിലപാട് പരിശോധിച്ചാൽ അത് മനസിലാകും. അതിനുപകരമായി കുഴൽപ്പണ കേസ് അഡ്‌ജസ്റ്റ് ചെയ്‌ത് കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. എന്നിട്ടാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയുന്നത് സ്വപ്‌ന സുരേഷ് ദിവസവും വന്ന് കുടുംബാംഗങ്ങളെ അടക്കം ചീത്ത പറഞ്ഞിട്ടും ഒരു വക്കീൽ നോട്ടിസ് പോലും അയക്കാൻ ധൈര്യം കാണിക്കാത്തവരാണ്.
ഇതിൽനിന്നും ആരുടെ നട്ടെല്ലാണ് വാഴപ്പിണ്ടിയെന്ന് ജനങ്ങൾക്ക് മനസിലാകും. ഈ നിയമസഭ കാലാവധി പൂർത്തിയാക്കുമ്പോൾ എംഎല്‍എയായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന ഒരാളാണ് താൻ. എന്നാൽ ആദ്യവട്ടം എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം റിയാസിനെ പോലെ ലഭിച്ചിട്ടില്ല.
മുതിർന്നയംഗങ്ങൾ ഇരിക്കവേ മന്ത്രിയായതിൻ്റെ പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നലെ നിയമസഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മാനേജ്‌മെന്‍റ് സീറ്റിൽ മന്ത്രിയായയാൾ പ്രതിപക്ഷത്തെ വിമർശിക്കേണ്ടതില്ലെന്ന് വി ഡി സതീശൻ തിരിച്ചടിച്ചിരുന്നു.
also read: പരസ്‌പരം ആരോപണങ്ങളുമായി സ്‌പീക്കറും പ്രതിപക്ഷവും ; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
അതേസമയം മന്ത്രിമാരെ ആക്ഷേപിക്കുന്നത് പ്രതിപക്ഷ നേതാവിന് സ്വന്തം പാർട്ടിയിൽ അംഗീകാരം കിട്ടാത്തതിന്‍റെ ഈഗോ കൊണ്ടാണെന്നും പിൻവാതിലിലൂടെയാണ് പ്രതിപക്ഷ നേതാവ് നിലവിലുള്ള സ്ഥാനത്ത് എത്തിയതെന്നും മന്ത്രി മുഹമ്മദ് റിയാസ് പിന്നീട് ആരോപിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും ബി ജെ പിയുമായി അന്തർധാരയുള്ള വി ഡി സതീശൻ പ്രസ്ഥാനത്തെ വഞ്ചിക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി. രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടില്ലാത്ത വി ഡി സതീശന് രാഷ്‌ട്രീയ ത്യാഗം എന്താണെന്ന് പോലും അറിയില്ലെന്ന റിയാസിന്‍റെ ആരോപണത്തിന് കൂടിയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.