തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് ജനങ്ങൾക്കും കർഷകർക്കും സഹായമായി വട്ടിയൂർക്കാവിൽ വിഷു വിപണി ആരംഭിച്ചു. മണ്ഡലത്തിലെ കർഷകര്‍ ഉല്‍പാദിപ്പിച്ച വിളകളും വെള്ളായണിയിൽ നിന്നുള്ള ഉല്‍പന്നങ്ങളുമെത്തിച്ചാണ് എംഎൽഎ വി.കെ.പ്രശാന്തിന്‍റെ നേതൃത്വത്തിൽ ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസിന് സമീപം വിപണി സജ്ജമാക്കിയത്. ക്ഷാമം നേരിടുന്ന കണി വെള്ളരിയുൾപ്പെടെയുള്ള ജൈവ പച്ചക്കറികൾ വാങ്ങാൻ നിരവധി പേര്‍ എത്തി. കൊവിഡ് ജാഗ്രതാ നടപടിക്രമങ്ങൾ പാലിച്ചായിരുന്നു വില്‍പന.
ലോക് ഡൗൺ കാലത്ത് നല്ല പച്ചക്കറി ലഭ്യമാക്കുന്നതിനൊപ്പം പൊതുവിപണിയിൽ ഉല്‍പന്നങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള കർഷകരെ സഹായിക്കുക കൂടിയാണ് വിപണിയുടെ ലക്ഷ്യം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവില്‍പന നിർവഹിച്ചു. തിങ്കളാഴ്‌ച വരെ വിപണി പ്രവർത്തിക്കും.