തിരുവനന്തപുരം: നിരവധി ചരിത്ര സംഭവങ്ങള്‍ക്കും വിപ്ലവകരമായ നിയമ നിര്‍മാണങ്ങള്‍ക്കും വേദിയായ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ആദ്യ നിയമസഭ മന്ദിരത്തിലും ഇന്നത്തെ പുതിയ നിയമസഭ മന്ദിരത്തിലും വ്യത്യസ്‌ത കാലഘട്ടങ്ങളില്‍ നിയമസഭ സ്‌പീക്കറായിരിക്കാന്‍ കഴിഞ്ഞ ഏക വ്യക്തിയാണ് വക്കം പുരുഷോത്തമന്‍. 1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്തും 2001ലെ എ.കെ ആന്‍റണി മന്ത്രിസഭയുടെ കാലത്തും കോണ്‍ഗ്രസുകാര്‍ വക്കംജി എന്നു ബഹുമാന പുരസരം വിളിക്കുന്ന വക്കം പുരുഷോത്തമന്‍ സ്‌പീക്കറായി. നിയമസഭ ചരിത്രത്തില്‍ ഇതൊരു അപൂര്‍വ ഏട് എന്നതിനപ്പുറം ഏറ്റവും കൂടുതല്‍ തവണയും കാലവും നിയമസഭ സ്‌പീക്കറായതിന്‍റെ റെക്കോര്‍ഡും വക്കം തന്‍റെ പേരിലാക്കി.
അഞ്ചുതവണ നിയമസഭാംഗമായിട്ടുള്ള വക്കം അഞ്ചുതവണയും വിജയിച്ചത് സ്വന്തം നാട് ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ നിന്നായിരുന്നു. ആരാലും നിയന്ത്രിക്കപ്പെടാതെ അനന്തമായി നീണ്ടുപോകുന്ന നിയമസഭ സമ്മേളനങ്ങള്‍ക്ക് സമയക്ലിപ്‌തത ഉണ്ടാക്കിയത് വക്കം പുരുഷോത്തമനായിരുന്നു. രാവിലെ 8.30ന് ചോദ്യോത്തര വേളയോടെ ആരംഭിക്കുന്ന സഭസമ്മേളനം എല്ലാ ദിവസവും ഉച്ചയ്‌ക്ക് 1.30 ന് അവസാനിക്കുന്ന തരത്തിലുള്ള നിയന്ത്രണം ചിന്തിക്കാന്‍ പോലുമാകാത്ത സമയത്ത് വക്കം ഇത് കര്‍ക്കശമായി നടപ്പാക്കി.
വക്കവും സഭയിലെ വഴക്കവും: സമയ ക്ലിപ്‌തത പാലിക്കാത്ത നിയമസഭ സാമാജികരുടെ മൈക്ക് നിര്‍ദാഷിണ്യം വക്കം ഓഫാക്കുമായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതിരുന്നു. എങ്കിലും മൈക്ക് ഓഫാക്കുന്ന വക്കത്തിന്‍റെ നടപടി അന്നത്തെ പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമര്‍ശനത്തിനിടയാക്കി. സഭയില്‍ പ്രതിപക്ഷവും സ്‌പീക്കറും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ കാലഘട്ടങ്ങളിലൊന്ന് കൂടിയായി അതിനെ വിശേഷിപ്പിക്കപ്പെടുന്നു. ഇതേ നിയന്ത്രണങ്ങള്‍ മാധ്യമങ്ങളിലേക്കും കടന്നുകയറിയപ്പോള്‍ മാധ്യമങ്ങള്‍ അസ്വസ്ഥരായി. അതൊന്നും തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടുപോകാന്‍ വക്കത്തെ തെല്ലും പ്രേരിപ്പിച്ചിട്ടില്ല.
2001ല്‍ എ.കെ ആന്‍റണി മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ സെക്രട്ടേറിയറ്റിലെ നിയമസഭ മന്ദിരം പിഎംജിയിലെ പുതിയ ബഹുനില നിയമസഭ സമുച്ചയത്തിലേക്ക് മാറിയിരുന്നു. അവിടെയും സഭാ നാഥനാകാനുള്ള അവസരം വക്കത്തെ തേടിയെത്തി. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എ.കെ ആന്‍റണി സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരമെത്തിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സ്‌പീക്കര്‍ കുപ്പായം അഴിച്ചുവച്ച് വക്കം ധനമന്ത്രിയായി.
വേറിട്ട സ്വരം: സഭ നിയന്ത്രിക്കുമ്പോള്‍ സ്‌പീക്കര്‍മാര്‍ പതിവായി ഉപയോഗിക്കുന്ന ഓര്‍ഡര്‍..ഓര്‍ഡര്‍ എന്നതിനെ അദ്ദേഹം ആര്‍ഡര്‍..ആര്‍ഡര്‍ എന്ന് ഉപയോഗിച്ചിരുന്നത് അക്കാലത്തെ സഭാംഗങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സ്വകാര്യ സദസുകളില്‍ തമാശയായി. സ്‌പീക്കറുടെ ഇരിപ്പിടത്തിലിരിക്കുമ്പോള്‍ അംഗങ്ങളെ നോക്കി യെസ് എന്ന് നീട്ടി ഉച്ചരിക്കുന്നതും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. സി.അച്യുതമേനോന്‍, ഇ.കെ നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായി.
ഒരു തിരിഞ്ഞുനോട്ടം: വക്കം ഗ്രാമപഞ്ചായത്ത് അംഗമായാണ് പാര്‍ലമെന്‍ററി രംഗത്തേക്ക് കടന്നുവരുന്നതെങ്കിലും പാര്‍ലമെന്‍റ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്ന 1967ല്‍ ചിറയിന്‍കീഴ് പാര്‍ലമെന്‍റില്‍ സാക്ഷാല്‍ ആര്‍.ശങ്കറിനൊപ്പം ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയിച്ച കോസലരാമദാസ് രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
1970ല്‍ വീണ്ടും ആറ്റിങ്ങലില്‍ മത്സരിച്ച് ആദ്യ ജയം നേടി. പിന്നീടങ്ങോട്ട് 1977, 1980, 1982 വര്‍ഷങ്ങളില്‍ ആറ്റിങ്ങലില്‍ നിന്ന് തുടര്‍ച്ചയായി വിജയം. 2001ല്‍ വീണ്ടും ആറ്റിങ്ങലില്‍ നിന്നും ഒരിക്കല്‍ കൂടി വിജയിച്ചു. 1984 ല്‍ സ്‌പീക്കറായിരിക്കേ ആലപ്പുഴ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു. 1989ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 1991 ല്‍ പരാജയപ്പെട്ടു. പിന്നീട് സംഘടനാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം കെപിസിസി വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു.
ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യ-ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. മെഡിക്കല്‍ കോളജുകളെ റഫറല്‍ ആശുപത്രികളാക്കുന്നതും ഓണത്തിന് ടൂറിസം വാരാഘോഷം ആരംഭിക്കുന്നതും ഈ കാലത്ത് മന്ത്രിയായിരുന്ന വക്കത്തിന്‍റെ ആശയങ്ങളായിരുന്നു. സംഘടന രംഗത്തും മായാത്ത കയ്യൊപ്പ് ചാര്‍ത്തി. തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് ശക്തമായ വേരുകളുണ്ടാക്കുന്നതില്‍ വക്കത്തിന്‍റെ പങ്ക് വളരെ വലുതാണ്.
തലസ്ഥാന നഗര വികസനത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം ധനമന്ത്രിയായിരിക്കേയാണ് പാളയത്തെ അടിപ്പായയും ബേക്കറി ജങ്‌ഷനിലെ മേല്‍പ്പാലവുമൊക്കെ യാഥാര്‍ത്ഥ്യമാകുന്നത്. വികസന രംഗത്തും പാര്‍ലമെന്‍ററി രംഗത്തും സംഘടന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച് ചരിത്രത്തിലിടം പിടിച്ചാണ് വക്കത്തിന്‍റെ വിടവാങ്ങല്‍.