തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. വിദേശയാത്രയുടെ നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല, ഭാവിയിൽ കാണാം. മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ വിദേശയാത്ര സംബന്ധിച്ച് വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാർ വിദേശത്ത് നിന്ന് വന്നിറങ്ങിയില്ലല്ലോ, അതിന് മുൻപ് ധൂര്‍ത്താണെന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി കുടുംബസമേതം വിദേശയാത്ര നടത്തിയതിനെതിരെ വിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവിനും ശിവൻകുട്ടി മറുപടി നൽകി. മന്ത്രിമാർ ആയതിനാൽ ഭാര്യമാർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നില്ല. സ്വന്തം ചെലവിലാണ് അവർ വന്നത്, സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയതെന്നും വി ശിവൻകുട്ടി പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമൂഹം ഒന്നിക്കണം: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി വിഷയത്തിലും മന്ത്രി പ്രതികരിച്ചു. അന്ധവിശ്വാസ നിർമാർജന നിയമം വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നിയമം കൊണ്ട് മാത്രം ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ സമൂഹം ഒറ്റക്കെട്ടായി നടത്തണം.
ഇലന്തൂർ സംഭവത്തിന് പുറമെ പുറത്ത് അറിയാത്ത കാര്യങ്ങൾ എത്രയോ നടന്നിട്ടുണ്ടാകാം. സർക്കാർ കർശനമായ നടപടി സ്വീകരിക്കും. നിയമനിർമാണ രംഗത്ത് സാധ്യമാകുന്നത് സർക്കാർ ചെയ്യും. അക്കാര്യങ്ങൾ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.